മന്‍മോഹന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തുന്നു, തമിഴ്‌നാട്ടില്‍നിന്ന് രാജ്യസഭാംഗമാവും; ഡിഎംകെ പച്ചക്കൊടി കാട്ടിയതായി സൂചന

മന്‍മോഹന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തുന്നു, തമിഴ്‌നാട്ടില്‍നിന്ന് രാജ്യസഭാംഗമാവും; ഡിഎംകെ പച്ചക്കൊടി കാട്ടിയതായി സൂചന
മന്‍മോഹന്‍ സിങ്ങും നരേന്ദ്ര മോദിയും -ഫയല്‍
മന്‍മോഹന്‍ സിങ്ങും നരേന്ദ്ര മോദിയും -ഫയല്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാര്‍ലമെന്റിലേക്കു തിരിച്ചെത്താന്‍ സാധ്യത തെളിയുന്നു. മന്‍മോഹനെ തമിഴ്‌നാട്ടില്‍നിന്നു രാജ്യസഭയില്‍ എത്തിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് ഡിഎംകെ പച്ചക്കൊടി കാട്ടിയതായാണ് സൂചന.

ഈ മാസം പതിനഞ്ചിനാണ് മന്‍മോഹന്‍ സിങ്ങിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചത്. ഇരുപത്തിയെട്ടു വര്‍ഷമായി അസമില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. അസമില്‍നിന്ന് അദ്ദേഹത്തെ വീണ്ടും സഭയില്‍ എത്തിക്കുന്നതിന് സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന് അംഗബലമില്ല. 

തമിഴ്‌നാട്ടില്‍നിന്ന് രാജ്യസഭയിലേക്ക് ആറ് ഒഴിവുകളാണ് വരുന്നത്. ഇതില്‍ മൂന്നെണ്ണം ഡിഎംകെയ്ക്കു ജയിക്കാനാവും. ഇതില്‍ ഒരു സീറ്റ് മന്‍മോഹനു വേണ്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് ഡിഎംകെ അനുകൂലമായി പ്രതികരിച്ചതായാണ് അറിയുന്നത്.

ഡിഎംകെയ്ക്കു ജയിക്കാനാവുന്ന മൂന്നില്‍ ഒരു സീറ്റ് സഖ്യകക്ഷിയായ എംഡിഎകൈയ്ക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. വൈകോയായിരിക്കും ഈ സീറ്റില്‍ മത്സരിക്കുക. ഒരു സീറ്റ് കോണ്‍ഗ്രസിനു കൂടി നല്‍കുന്നതോടെ ഡിഎംകെയ്ക്കു ലഭിക്കുക ഒരു സീറ്റു മാത്രമാവും. ഇതിനോട് പാര്‍്ട്ടിയില്‍ എതിര്‍പ്പുണ്ടെങ്കിലും സീറ്റ് നല്‍കുന്നതു മന്‍മോഹന്‍ സിങ്ങിനാണ് എന്നു ചൂണ്ടിക്കാട്ടി എതിര്‍പ്പുകളെ മറികടക്കാനാണ് ഡിഎംകെ നേതൃത്വത്തിന്റെ നീക്കം. പാര്‍ലമെന്റില്‍ മന്‍മോഹന്‍ സിങ്ങിനെപ്പോലെ ഒരാള്‍ ഉണ്ടാവേണ്ടതാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ് നാട്ടില്‍നിന്നു രാജ്യസഭയില്‍ എത്തുന്ന പക്ഷം മൂന്നു പതിറ്റാണ്ടോളം നീണ്ട മന്‍മോഹന്റെ പാര്‍ലമെന്ററി ജീവിതത്തില്‍ ചെറിയ ഇടവേള മാത്രമാണുണ്ടാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com