മുസ്ലിംകള്‍ക്കു സീറ്റ് കൊടുക്കരുതെന്ന് അഖിലേഷ് ആവശ്യപ്പെട്ടു; ആരോപണവുമായി മായാവതി

മുസ്ലിംകള്‍ക്കു സീറ്റ് കൊടുക്കരുതെന്ന് അഖിലേഷ് ആവശ്യപ്പെട്ടു; ആരോപണവുമായി മായാവതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മുസ്ലിം  വിരുദ്ധനെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംകള്‍ക്കു ടിക്കറ്റ് നല്‍കരുതെന്ന് അഖിലേഷ് തന്നോടു പറഞ്ഞിരുന്നതായി മായാവതി ആരോപിച്ചു. ലക്‌നൗവില്‍ പാര്‍ട്ടി യോഗത്തിലാണ് മായാവതിയുടെ ആരോപണം. 

മുസ്ലിംകള്‍ക്കു ടിക്കറ്റ് നല്‍കരുതെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. മുസ്ലിംകളെ സ്ഥാനാര്‍ഥികളാക്കിയാല്‍ മത ധ്രുവീകരണമുണ്ടാവും എന്നായിരുന്നു വാദം. എന്നാല്‍ താന്‍ അത് അനുസരിച്ചില്ലെന്ന് മായാവതി പറഞ്ഞു. 

അഖിലേഷ് മുഖ്യമന്ത്രിയായ സമയത്ത് യാദവര്‍ അല്ലാത്തവരോടും ദലിതരോടും അനീതിയാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് ഈ വിഭാഗങ്ങള്‍ എസ്പിക്കു വോട്ടു ചെയ്യാതിരുന്നത്. ദലിതുകള്‍ക്കു പ്രമോഷന്‍ നല്‍കുന്നതിനെ എസ്പി എതിര്‍ത്തിരുന്നതായും മായാവതി പറഞ്ഞു.

വോട്ടെണ്ണല്‍ ദിവസം താന്‍ അഖിലേഷിനെ വിളിച്ചിരുന്നതായും എന്നാല്‍ എസ്പി നേതാവ് ഫോണ്‍ എടുത്തില്ലെന്നും മായാവതി പറഞ്ഞു. ബിഎസ്പിക്കാര്‍ അവര്‍ക്ക് വോട്ടു ചെയ്തില്ലെങ്കില്‍ അത് തന്നോടു പറയുകയല്ലേ വേണ്ടത്? നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ബിഎസ്പി നേതാവ് സതീഷ് മിശ്രയെ വിളിക്കുകയാണ് അഖിലേഷ് ചെയ്തത്. ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്ന് മായാവതി പറഞ്ഞു. 

ബിഎസ്പിക്കു പത്തു സീറ്റ് ജയിക്കാനായത് എസ്പിയുടെ പിന്തുണ കൊണ്ടാണ് എന്നാണ് അവര്‍ പറഞ്ഞു നടക്കുന്നത്. യഥാര്‍ഥത്തില്‍ അവര്‍ക്ക് അഞ്ചു സീറ്റ് കിട്ടിയത് ബിഎസ്പി കൂടെ നിന്നതുകൊണ്ടാണ്. പല സീറ്റുകളിലും ബിഎസ്പിയെ തോല്‍പ്പിക്കാന്‍ എസ്പി ശ്രമിച്ചെന്ന് മായാവതി ആരോപിച്ചു.

എസ്പി നേതാവ് മുലായം സിങ് യാദവ് താജ് ഇടനാഴി കേസില്‍ തന്നെ കുടുക്കാന്‍ ബിജെപിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചയാളാണെന്നും മായാവതി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com