അഭിനന്ദനെ കൈമാറുന്നത് വൈകുന്നു; രണ്ടുതവണ സമയം മാറ്റി പാകിസ്ഥാന്‍:  സ്ഥിതിഗതികള്‍ നിരീക്ഷിച്ച് പ്രതിരോധ മന്ത്രി

പാകിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യക്ക് കൈമാറുന്ന നടപടി ക്രമങ്ങള്‍ വൈകുന്നതായി സൂചന
അഭിനന്ദനെ കൈമാറുന്നത് വൈകുന്നു; രണ്ടുതവണ സമയം മാറ്റി പാകിസ്ഥാന്‍:  സ്ഥിതിഗതികള്‍ നിരീക്ഷിച്ച് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ത്യക്ക് കൈമാറുന്ന നടപടി ക്രമങ്ങള്‍ വൈകുന്നതായി സൂചന. വൈകുന്നേരം അഞ്ചരയോടുകൂടി വാഗ- അട്ടാരി അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ അഭിനന്ദനെ എത്തിച്ചിരുന്നുവെങ്കിലും ഇതുവരെയും രാജ്യത്തിന് കൈമാറിയിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നടപടി ക്രമങ്ങള്‍ ചൂണ്ടിക്കാണിച്ച് രണ്ട് തവണ പാകിസ്ഥാന്‍ കൈമാറ്റം വൈകിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥിതിഗതികള്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ച് വരികയാണ്. വ്യോമസേനയിലെയും വിദേശകാര്യ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ വാഗ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്.
 


അഭിനന്ദന്‍ വൈകുന്നേരം അഞ്ചുമണിയോടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. തുടര്‍ന്ന് അമൃത്സറിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോയി അവിടെ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും കൈമാറ്റം വൈകുന്നു എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

അഭിനന്ദനെ വരവേല്‍ക്കാന്‍ രാവിലെമുതല്‍ വന്‍ ജനാവലിയാണ് വാഗ അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും എത്തിയിട്ടുണ്ട്. നേരത്തെ കൈമാറ്റത്തിന്റെ ഭാഗമായി കൈമാറ്റരേഖയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചിരുന്നു. ഇതിനിടെ അഭിനന്ദിനെ മോചിപ്പിക്കുന്നതിന് എതിരായ ഹര്‍ജി പാകിസ്ഥാന്‍ കോടതി തളളിയിരുന്നു.വാഗാ അതിര്‍ത്തിയിലെ സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദി റിട്രീറ്റ് റദ്ദാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ് ദുലാര്‍ സിങ് ദില്ലന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com