അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയിൽ; പ്രോസിക്യൂട്ട് ചെയ്യാൻ തെളിവായെന്ന് രാഹുൽ

റഫാൽ ഇടപാടിന്റെ രേഖകൾ മോഷണം പോയെന്ന ആരോപണം അഴിമതി മറച്ചു വയ്ക്കാനാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി
അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയിൽ; പ്രോസിക്യൂട്ട് ചെയ്യാൻ തെളിവായെന്ന് രാഹുൽ

ന്യൂഡൽഹി: റഫാൽ ഇടപാടിന്റെ രേഖകൾ മോഷണം പോയെന്ന ആരോപണം അഴിമതി മറച്ചു വയ്ക്കാനാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. മോ​ദിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ മതിയായ തെളിവുകൾ ആയി. തെളിവുകളെല്ലാം മോദിക്കെതിരാണ്. അഴിമതിയുടെ തുടക്കവും ഒടുക്കവും പ്രധാനമന്ത്രിയിലാണെന്നും അദ്ദേഹം ആരോപിച്ചു. 

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയത്. റഫാല്‍ യുദ്ധ വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയതായാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദം തുടരുന്നതിനിടെയാണ് ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. 

നേരത്തെ റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ ധരിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രിം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ കോടതിയില്‍ നിന്ന് പരാമര്‍ശം ഉണ്ടായി.

ഔദ്യോഗിക രഹസ്യ നിയമം മറയാക്കി റഫാല്‍ കേസില്‍ സര്‍ക്കാരിന് ഒളിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേട്ട കോടതി ചൂണ്ടിക്കാട്ടി. ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗിക രഹസ്യ നിയമം കണക്കിലെടുക്കില്ല. മോഷ്ടിച്ച രേഖകളും കോടതിക്ക് പരിശോധിക്കാമെന്ന് ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. തെളിവ് നിയമത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണം തീരുമാനിക്കുന്നതിന് രാജ്യസുരക്ഷ ഘടകമല്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രശാന്ത് ഭൂഷണ്‍ വാദത്തിനായി ആധാരമാക്കിയിരിക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് കേന്ദ്രം വാദിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ നിലവിലെ ജീവനക്കാരും മുന്‍ ജീവനക്കാരുമാണ് ഇതിന് പിന്നില്‍. രേഖകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുളള കാര്യവും വേണുഗോപാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com