വന്ദോഭാരത് എക്‌സ്പ്രസില്‍ തീപിടിത്തം; ആര്‍ക്കും പരുക്കില്ല

പത്തു മിനിറ്റിനു ശേഷം  വീണ്ടും ഇതേ കോച്ചില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി
വന്ദോഭാരത് എക്‌സ്പ്രസില്‍ തീപിടിത്തം; ആര്‍ക്കും പരുക്കില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസില്‍ തീപിടിത്തം. ബുധനാഴ്ച കാണ്‍പുര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് ഒരു ബോഗിയില്‍ തീപിടിത്തമുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും അപകടം ഗുരുതരമല്ലെന്നും റയില്‍വെ അധികൃതര്‍ വ്യക്തമാക്കി. 

ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ രാത്രി 7.04ന് കാണ്‍പുര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. സി7 കോച്ചിന്റെ ട്രാന്‍സ്‌ഫോമറിനാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് കോച്ചില്‍ ചെറിയ തോതില്‍ പുക ഉയരുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാരെത്തി തീയണയ്ക്കുകയും ട്രാന്‍സ്‌ഫോമറുമായുള്ള ബന്ധം വേര്‍പെടുത്തുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് 25 മിനിറ്റ് കാണ്‍പുര്‍സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ശേഷം ട്രയിന്‍ പിന്നീട് യാത്ര തുടര്‍ന്നു. 

പത്തു മിനിറ്റിനു ശേഷം  വീണ്ടും ഇതേ കോച്ചില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. കാണ്‍പുര്‍ സ്‌റ്റേഷനില്‍ വെച്ച് തീയണയ്ക്കാന്‍ ഉപയോഗിച്ച അഗ്‌നിശമന ഉപകരണത്തിലെ രാസവസ്തുവാണ് രണ്ടാമതും പുക ഉയരാന്‍ ഇടയാക്കിയതെന്നും പിന്നീട് 7.45ഓടെ ട്രെയിന്‍ യാത്ര തുടര്‍ന്നെന്നും റെയില്‍വേ വ്യക്തമാക്കി. 

പരീക്ഷണ ഓട്ടത്തിലും തുടര്‍ന്ന് ഉദ്ഘാടനത്തിനു ശേഷമുള്ള സര്‍വീസിലും പല തവണ വന്ദേഭാരത് എക്‌സ്പ്രസിന് യാത്രാതടസ്സങ്ങള്‍ നേരിട്ടിരുന്നു. ആദ്യ ദിനം മുതല്‍ത്തെന്നെ ട്രയിനു നേര്‍ക്ക് പലയിടത്തുവെച്ചും കല്ലേറുണ്ടാവുകയും ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു.18 മാസം കൊണ്ട് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിനില്‍ രണ്ട് എക്‌സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എ.സി. കോച്ചുകളാണുള്ളത്. ഡല്‍ഹിവാരണാസി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനില്‍ ഒരേസമയം 1128 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ഫെബ്രുവരി 15നാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ്ഓഫ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com