'ഭര്‍ത്താവ് മരിച്ച് രണ്ട് മാസത്തിനുള്ളില്‍ ഇവര്‍ക്ക് ഇതിന്റെ ആവശ്യമുണ്ടോ?'; സുമലതയെ ആക്ഷേപിച്ച് മന്ത്രി രേവണ്ണ

അംബരീഷിന്റെ മണ്ഡലമായ മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്
'ഭര്‍ത്താവ് മരിച്ച് രണ്ട് മാസത്തിനുള്ളില്‍ ഇവര്‍ക്ക് ഇതിന്റെ ആവശ്യമുണ്ടോ?'; സുമലതയെ ആക്ഷേപിച്ച് മന്ത്രി രേവണ്ണ

ബാംഗളൂര്‍; ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ പ്രമുഖ നടി സുമലതയെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി എച്ച്.ഡി രേവണ്ണ രംഗത്ത്. ഭര്‍ത്താവ് മരിച്ച് രണ്ട് മാസത്തിനുള്ളില്‍ രാഷ്ട്രീയത്തിലിറങ്ങേണ്ട കാര്യം സുമലതയ്ക്കുണ്ടോ എന്നാണ് രേവണ്ണയുടെ ചോദ്യം. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയാണ്. നടനും കോണ്‍ഗ്രസ് നേതാവുമായ അംബരീഷിന്റെ ഭാര്യയാണ് സുമലത. അംബരീഷിന്റെ മണ്ഡലമായ മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

'ഭര്‍ത്താവ് മരിച്ച് രണ്ട് മാസത്തിനുള്ളില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട ആവശ്യം സുമലതയ്ക്കുണ്ടോ? ഹിന്ദു ആചാരപ്രകാരം ഭര്‍ത്താവിന്റെ മരണശേഷം ഭാര്യ കുറച്ചുനാളത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പാടില്ല' മന്ത്രി രേവണ്ണ പറഞ്ഞു. എന്നാല്‍ രേവണ്ണയുടെ പരാമര്‍ശങ്ങള്‍ക്ക് താന്‍ മറുപടി പറയുന്നില്ലെന്നും ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നുമായിരുന്നു സുമലയുടെ പ്രതികരണം. 

'നല്ലൊരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. അതിനാല്‍ ഉത്തരവാദിത്വത്തെക്കുറിച്ച് നന്നായി അറിയാം. അംബരീഷിന്റെ പിന്തുടരുകയാണ് ചെയ്യുന്നത്. സ്ത്രീകളെക്കുറിച്ച് ഇത്തരം പരാമര്‍ശം നടത്തുന്നത് രേവണ്ണ നിര്‍ത്തണം' സുമലത പറഞ്ഞു. 

മന്ത്രിയുടെ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. മോശം പരാമര്‍ശം നടത്തിയ രേവണ്ണ സുമലതയോട് മാപ്പ് പറയണമെന്ന് ബിജെപി എംപി ശോഭ കരഞലജെ ആവശ്യപ്പെട്ടു. അതിനിടെ സുമലത ബിജെപിയുമായി അടുക്കുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്താത്തതിനാലാണ് സുമലത സ്വതന്ത്രയായി മത്സരിക്കുമെന്ന് അറിയിച്ചത്. കോണ്‍ഗ്രസിന് സുമലതയെ മത്സരിപ്പിക്കാന്‍ താല്‍പ്പര്യമാണെങ്കിലും സഖ്യകക്ഷിയായ ജനതാദള്‍ എസ് ഈ സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com