സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍  ഡോക്ടര്‍മാര്‍ വരെ ; പൊള്ളാച്ചി പീഡനക്കേസ്‌ പ്രതികളുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

പൊള്ളാച്ചി പീഡനക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ച്  പൊലീസ്
സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍  ഡോക്ടര്‍മാര്‍ വരെ ; പൊള്ളാച്ചി പീഡനക്കേസ്‌ പ്രതികളുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

ചെന്നൈ : പൊള്ളാച്ചി പീഡനക്കേസിലെ പ്രതികളുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ച് തമിഴ്നാട് പൊലീസ്. ഇരുന്നൂറിലധികം യുവതികളെ ലൈംഗിക  അതിക്രമങ്ങള്‍ക്കും, ശാരീരിക പീഡനങ്ങള്‍ക്കും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കിയതായാണ് പ്രതികള്‍ വെളിപ്പെടുത്തിയത്.  ഇവരില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ മുതല്‍  യുവ ഡോക്ടര്‍മാര്‍ വരെ ഉൾപ്പെടുന്നതായും പ്രതികൾ പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ ശബരീശ്, തിരുനാവരശ്, സതീഷ്, വസന്തകുമാര്‍ എന്നിവര്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഏഴു വര്‍ഷംകൊണ്ട് പ്രതികള്‍ ഇരുന്നൂറിലധികം യുവതികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരകളാക്കപ്പെട്ടവരില്‍ ഭൂരിഭാഗവും കോളേജ് വിദ്യാര്‍ത്ഥികളാണ്.

സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇരകളെ മിക്കവരെയും വലയിലാക്കിയതെന്നും  പ്രതികൾ പൊലീസിനോട് സമ്മതിച്ചു. വലയിൽ വീണ പെൺകുട്ടികളെ കടുത്ത ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നതായും പ്രതികൾ വെളിപ്പെടുത്തി.  സമൂഹമാധ്യങ്ങളില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവതികളുമായി സൗഹൃദം സ്ഥാപിക്കും. പിന്നീട് രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി  ബ്ലാക്ക്മെയില്‍ ചെയ്ത് സാമ്പത്തിക ചൂഷണവും പ്രതികൾ നടത്തിയിരുന്നു.

പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ  വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പ്രതികളില്‍ ഒരാളായ തിരുനാവക്കരശ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. പ്രണയാഭ്യര്‍ഥന നടത്തിയ ശേഷം സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നി‍ര്‍ബന്ധിച്ച് കാറില്‍ കയറ്റി. വഴിയില്‍വച്ച് മറ്റ് മൂന്ന് പ്രതികള്‍കൂടി കാറില്‍കയറി. നാലുപേരുംചേര്‍ന്ന്  പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് വഴിയല്‍ ഉപേക്ഷിച്ചു. ഈ വിവരങ്ങള്‍ പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതോടെയാണ് പരാതി പൊലീസ് സ്റ്റേഷനിലെത്തിയത്. പ്രതികളില്‍ ഒരാളെ പിടികൂടിയ പൊലീസ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ ഞെട്ടി. കൊടിയ പീഡനത്തിന് ഇരയാകുന്ന നൂറിലധികം യുവതികളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍. 

ദൃശ്യങ്ങളിലുള്ള ഇരകളില്‍ ചിലരെ പൊലീസ് തിരിച്ചറിഞ്ഞുവെങ്കിലും പരാതി നല്‍കാന്‍ ആരും തയാറിയിട്ടില്ല. പരാതി നല്‍കാന്‍ തയാറാകാത്തവരെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് രഹസ്യമൊഴിയെടുക്കാനുള്ള ശ്രമവും പൊലീസ് തുടങ്ങിയിട്ടുണ്ട്. പ്രതികൾക്ക് പിന്നിൽ പെൺവാണിഭ സംഘങ്ങൾ അടക്കം സഹായം ചെയ്തിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. തമിഴ്‌നാട്ടിനെ ഞെട്ടിച്ച പൊള്ളാച്ചി പീഡനക്കേസ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com