കന്നിവോട്ട് രാഹുലിന് തന്നെ: സ്റ്റെല്ലാ മേരീസിലെ പെണ്‍കുട്ടികള്‍, വീഡിയോ

സ്‌റ്റെല്ലാ മേരിസ് കോളജിലെ 3000 വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തില്‍ രാഹുല്‍ നല്‍കിയ ഓരോ മറുപടിക്കും സദസില്‍ നിറഞ്ഞ കയ്യടിയായിരുന്നു. 
കന്നിവോട്ട് രാഹുലിന് തന്നെ: സ്റ്റെല്ലാ മേരീസിലെ പെണ്‍കുട്ടികള്‍, വീഡിയോ

ലോക്‌സഭാ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയിലെത്തിയത്. രാഹുലുമായി സംവാദത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ ആവേശത്തോടെ പറയുകയാണ്, തങ്ങളുടെ വോട്ട് രാഹുലിന് തന്നെയാണെന്ന്. സ്‌റ്റെല്ലാ മേരിസ് കോളജിലെ 3000 വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തില്‍ രാഹുല്‍ നല്‍കിയ ഓരോ മറുപടിക്കും സദസില്‍ നിറഞ്ഞ കയ്യടിയായിരുന്നു. 

ഏറെ ആത്മവിശ്വാസത്തോടെയായിരുന്നു രാഹുല്‍ വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങളെ നേരിട്ടതും. രാഹുല്‍ ഗാന്ധിയുമായി നേരിട്ടു സംവാദത്തിലേര്‍പ്പെടാനും ചോദ്യങ്ങളുന്നയിക്കാനും അവസരം ലഭിച്ച ആവേശത്തിലായിരുന്നു സ്‌റ്റെല്ലാ മേരീസിലെ വിദ്യാര്‍ത്ഥിനികള്‍. വനിതാ സംവരണം, കശ്മീര്‍ പ്രശ്‌നം, റഫാല്‍ വിവാദം, തീവ്രവാദം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ചയില്‍ വിഷയമായി. 

ഈ പരിപാടിയില്‍ പങ്കെടുത്തതില്‍ നിന്ന്, ആരാണ് തെരഞ്ഞെടുക്കപ്പെടേണ്ട വ്യക്തി എന്ന് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ പറയുന്നു. രാഹുലിനെ ഭാവിയിലെ നേതാവ് എന്നാണ് വിദ്യാര്‍ഥിനികള്‍ അഭിസംബോധന ചെയ്തത്. 

രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായി ഇടപെടാതിരുന്നിട്ടും രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ തങ്ങള്‍ക്ക് എളുപ്പം മനസ്സിലാക്കാനും, ബന്ധപ്പെടുത്താനും കഴിയുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികളോടൊപ്പം സെല്‍ഫിയെടുക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി പറയാനും തയ്യാറായി. ചോദ്യങ്ങളെ നേരിടാന്‍ മടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. 

എല്ലാ വിദ്യാര്‍ത്ഥികളെയും നേരിട്ടു കാണുവാനും ഓരോ ചോദ്യത്തിന് ഉത്തരം നല്‍കുവാനും രാഹുല്‍ കാണിച്ച ക്ഷമയെ പ്രകീര്‍ത്തിക്കുകയാണ് വിദ്യാര്‍ഥിനികള്‍. ആദ്യം ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിനിയോട് തന്നെ സര്‍ എന്ന് വിളിക്കണ്ട, രാഹുല്‍ എന്ന് അഭിസംബോധന ചെയ്താല്‍ മതിയെന്ന് രാഹുല്‍ പറഞ്ഞതും സദസിനെ ആവേശം കൊള്ളിച്ചിരുന്നു. 

അസറ എന്ന വിദ്യാര്‍ത്ഥിനി ഇതുകേട്ട് അമ്പരക്കുന്നതും വിഡിയോയില്‍ കാണാം. മടിച്ചുമടിച്ച് രാഹുല്‍ എന്ന് വിളിച്ചപ്പോള്‍ കാതടിപ്പിക്കുന്ന കരഘോഷം മുഴങ്ങുകയായിരുന്നു. പ്രത്യേകം തയ്യാറാക്കിയ റാംപിലൂടെ വിദ്യാര്‍ഥിനികള്‍ക്കിടയിലൂടെ നടന്നാണ് രാഹുല്‍ സംസാരിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്റില്‍ വച്ച് ആലിംഗനം ചെയ്യാനുണ്ടായ കാരണവും രാഹുല്‍ വിദ്യാര്‍ഥികളോട് വെളിപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com