റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
റഫാല്‍ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രിംകോടതിയില്‍


ചെന്നൈ: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. റഫാല്‍  ഇടപാടിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് കോടതിയെ സമീപിച്ചത്. 

വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ നല്‍കിയ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ഇന്നലെ പ്രതിരോധ മന്ത്രാലയ സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം കോടതി പരിഗണിക്കും. മാധ്യമങ്ങളില്‍ നിന്ന് കിട്ടിയ രേഖകളുടെ പകര്‍പ്പാണ് കോടതിയില്‍ നല്‍കിയതെന്നാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചത്. രേഖകളില്‍ അടിസ്ഥാനമുണ്ടെങ്കില്‍ അത് പരിഗണിക്കുമെന്ന് സുപ്രീംകോടതി നേരെത്തെ വ്യക്തമാക്കിയിരുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തപ്പെട്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. രേഖകളുടെ ഫോട്ടോകോപ്പികള്‍ എടുത്ത് പുറത്തേക്ക് കടത്തിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. ഇത് മോഷണത്തിന് തുല്യമാണെന്നും ഇതിലൂടെ രാജ്യസുരക്ഷയാണ് തുലാസ്സിലായിരിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. കേസില്‍ അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.

''റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രിയുടെ നോട്ട് അടക്കമുള്ള ഫയല്‍ മോഷ്ടിച്ച് കടത്തിയതിലൂടെ ശത്രുവിന് പോലും രഹസ്യരേഖകള്‍ കിട്ടുമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇതിലൂടെ രാജ്യസുരക്ഷയാണ് ഭീഷണിയിലായിരിക്കുന്നത്. രാജ്യത്തിന് ഒരു യുദ്ധത്തെ നേരിടാനുള്ള കഴിവ് എത്രയുണ്ടെന്ന വിവരങ്ങളടക്കമാണ് കടത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണ്.'' സത്യവാങ്മൂലത്തില്‍ പറയുന്നു. 

''രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഒരിക്കലും പരസ്യമായ പുനഃപരിശോധനാഹര്‍ജിക്കൊപ്പം നല്‍കരുതായിരുന്നു. ഇതോടെ ഈ രേഖകള്‍ എല്ലാവര്‍ക്കും ലഭിക്കുന്ന സ്ഥിതിയാണ്. മാത്രമല്ല, രഹസ്യരേഖകള്‍ ഫോട്ടോകോപ്പിയെടുത്ത് കടത്തുന്നത് മോഷണത്തിന് തുല്യമാണ്. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്.'' എന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com