ഇന്ത്യ- പാക് ചർച്ച: കർതാർപുർ ഇടനാഴി എത്രയും വേഗം തുറക്കാൻ നടപടി വേണമെന്ന് ധാരണ

കർതാർപുർ ഇടനാഴി സംബന്ധിച്ച കരാറിന് അന്തിമ രൂപം നൽകുന്നതിനെക്കുറിച്ച് ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തി
ഇന്ത്യ- പാക് ചർച്ച: കർതാർപുർ ഇടനാഴി എത്രയും വേഗം തുറക്കാൻ നടപടി വേണമെന്ന് ധാരണ

ന്യൂഡൽഹി: കർതാർപുർ ഇടനാഴി സംബന്ധിച്ച കരാറിന് അന്തിമ രൂപം നൽകുന്നതിനെക്കുറിച്ച് ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തി. അതിർത്തിയുടെ ഇന്ത്യൻ ഭാഗത്ത് അട്ടാരിയിൽ നടന്ന ചർച്ച സൗഹാർദപരമായിരുന്നുവെന്ന് ഇന്ത്യ- പാക് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. പുൽവാമ ഭീകരാക്രമണ ശേഷമുണ്ടായ സംഘർഷ സ്ഥിതിയിൽ അയവു വന്നതിനു പിന്നാലെയായിരുന്നു ചർച്ച. 

പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്ക് മുതൽ നാല് കിലോമീറ്റർ അകലെ പാകിസ്ഥാനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരു നാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത് ദർബാർ സാഹിബിലാണ്. 

ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്ക് വിസയില്ലാതെ അവിടേയ്ക്കു യാത്ര സാധ്യമാക്കാനാണ് ഇടനാഴി. ഇരു ഭാഗത്തും കഴിഞ്ഞ നവംബറിലാണ് ഇടനാഴിയുടെ നിർമാണം തുടങ്ങിയത്. എത്രയും വേഗം ഇടനാഴി തുറക്കാൻ നടപടി വേണമെന്നാണ് ഇന്നലത്തെ യോഗത്തിലെ ധാരണ.

ദിവസം 5000 പേർ വീതം, ആഴ്ചയിൽ ഏഴ് ദിവസവും തീർഥാടന സൗകര്യം വേണമെന്ന് ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി എസ്‍സിഎൽ ദാസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ സാർക് ദക്ഷിണേഷ്യ വിഭാഗം ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ഫൈസലാണ് പാക്ക് സംഘത്തെ നയിച്ചത്. അടുത്ത മാസം രണ്ടിന് വാഗയിൽ വീണ്ടും ചർച്ച നടക്കും. ഈ മാസം 19ന് സാങ്കേതിക വിദഗ്ധരുടെ ചർച്ചയുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com