പാകിസ്ഥാനില്‍ പോയത് 17 തവണ, ഐഎസ്‌ഐയ്ക്ക് വിവരങ്ങള്‍ കൈമാറിയെന്ന് കുറ്റസമ്മതം; ഹണിട്രാപ് സൂത്രധാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th March 2019 10:22 AM  |  

Last Updated: 26th March 2019 11:25 AM  |   A+A-   |  

arrested-765389

 

ജയ്പൂര്‍ : സൈനികരെ ഹണിട്രാപ്പില്‍ പെടുത്തി വിവരങ്ങള്‍ ചോര്‍ത്തിയ കേസിലെ സൂത്രധാരനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് പര്‍വേസാണ് അറസ്റ്റിലായത്. കഴിഞ്ഞ 18 വര്‍ഷമായി പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്പണി നടത്തി വരികയാണെന്നും 17 തവണ ഇതിന്റെ ഭാഗമായി പാകിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. 2017 ല്‍ ഇയാളെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഐഎ ജുഡീഷ്യല്‍ കസ്റ്റഡിയില്‍എടുത്തിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജ ഐഡികള്‍ ഉണ്ടാക്കുകയും അതിലൂടെ സൈനികരെ വശീകരിച്ച് കെണിയില്‍പ്പെടുത്തുകയുമായിരുന്നു പര്‍വേസ് ചെയ്തു വന്നിരുന്നത്. ഇതിന് പ്രതിഫലമായി ഐഎസ്‌ഐയില്‍ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്നതിന്റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. 

വിവരങ്ങള്‍ കൈമാറുന്നതിനായി സിം കാര്‍ഡുകളും പ്രത്യേക തിരിച്ചറിയല്‍ രേഖകളും പാകിസ്ഥാന്‍ ഇയാള്‍ക്ക് നല്‍കിയിരുന്നു. ഇതിനും പുറമേ വിസ വേഗത്തില്‍ ലഭിക്കുന്നതിനുള്ള പ്രത്യേക അനുമതിയും പര്‍വേസിന് ലഭിച്ചിരുന്നു.ജയ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.