'ഫോനി' ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി ; മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗം ; ആന്ധ്ര, ഒഡീഷ തീരമേഖലകളില്‍ കനത്ത മഴ ( വീഡിയോ )

വടക്കുപടിഞ്ഞാറന്‍ ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
'ഫോനി' ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി ; മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗം ; ആന്ധ്ര, ഒഡീഷ തീരമേഖലകളില്‍ കനത്ത മഴ ( വീഡിയോ )

ഭുവനേശ്വര്‍ : ഫോനി ചുഴലിക്കാറ്റ് കരയിലെത്തി. ഒഡീഷയിലെ പുരിയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. രാവിലെ എട്ടുമണിയോടെയാണ് ചുഴലിക്കാറ്റ് കരയിലെത്തിയത്.  മണിക്കൂറില്‍ 185 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. രണ്ടു മണിക്കൂറിനകം ഫോനി പൂര്‍ണമായും കരയിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

വടക്കുപടിഞ്ഞാറന്‍ ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലെ പുരി, ജഗത്സിങ്പൂര്‍, കെന്ദ്രാപ്പാറ, ഭദ്രക്, ബാലസോര്‍, മയൂര്‍ബഞ്ച്, ഗജപതി, ഗഞ്ചാം, ഖോര്‍ദ, കട്ടക്ക്, ജയ്പൂര്‍ എന്നീ ജില്ലകളെയാവും ഫോനി പ്രതികൂലമായി ബാധിക്കുക. ഏകദേശം 10,000 ത്തിലേറെ ഗ്രാമങ്ങളും 50 ലേറെ നഗരങ്ങളുമാണ് ഈ പ്രദേശത്തുള്ളത്. 

ആന്ധ്ര, ഒഡീഷ തീരമേഖലകളില്‍ കനത്ത മഴയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒഡീഷയിലെ ഗ്രാമീണ മേഖലയിലെ വൈദ്യുതബന്ധങ്ങള്‍ വിച്ഛേദിച്ചു. ആന്ധ്ര, ബംഗാള്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള നൂറോളം ട്രെയിനുകള്‍ റദ്ദാക്കി. 

10 ലക്ഷത്തിലേറെ ജനങ്ങളെ സുരക്ഷിത സങ്കേതങ്ങളിലേക്ക് താത്കാലികമായി മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരന്ത നിവാരണസേനയും മറ്റ് രക്ഷാപ്രവര്‍ത്തക സംഘങ്ങളും സര്‍വ്വ സജ്ജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു. വിശാഖപട്ടണം, ചെന്നൈ, പാരാദീപ്, ഗോപാല്‍പൂര്‍, ഹാല്‍ദിയ , ഫ്രേസ്ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി 34 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിയതായി കോസ്റ്റ് ഗോര്‍ഡ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com