ഫോനിയില്‍ മരണം എട്ടായി ; ചുഴലിക്കാറ്റ് കൊല്‍ക്കത്ത തീരത്തേക്ക്, അതീവ ജാഗ്രതാ നിര്‍ദ്ദേശം

കാറ്റിന്റെ തീവ്രത മണിക്കൂറില്‍ 104 കിലോമീറ്ററായി ചുരുങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഫോനിയില്‍ മരണം എട്ടായി ; ചുഴലിക്കാറ്റ് കൊല്‍ക്കത്ത തീരത്തേക്ക്, അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഭുവനേശ്വര്‍:  ഒഡീഷ തീരത്തെ വിറപ്പിച്ച ഫോനി മണിക്കൂറുകള്‍ക്കകം കൊല്‍ക്കത്ത തീരം തൊടും. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ പുരിയിലെത്തിയ ചുഴലിക്കാറ്റ് അല്‍പ്പം ശക്തി കുറഞ്ഞാണ് കൊല്‍ക്കത്തയിലെത്തുക. കാറ്റിന്റെ തീവ്രത മണിക്കൂറില്‍ 104 കിലോമീറ്ററായി ചുരുങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. അതീവ ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളം നേരത്തെ അടച്ചിരുന്നു. 

ശനിയാഴ്ച വൈകുന്നേരത്തോടെ ഫോനി ബംഗ്ലാദേശിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഡീഷയില്‍ കനത്ത നാശനഷ്ടം വിതച്ചാണ് ഫോനി ബംഗാള്‍തീരത്തേക്ക് നീങ്ങുന്നത്. ഇതുവരെ എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പല ജില്ലകളിലും വൈദ്യുതി മുടങ്ങി.

പേമാരിയില്‍ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. പത്ത് ലക്ഷത്തിലേറെപ്പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഇവരില്‍ 600 ഗര്‍ഭിണികള്‍ ഉണ്ടെന്നാണ് കണക്കുകള്‍.

മണിക്കൂറില്‍ 185 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് കെട്ടിടങ്ങളും വീടുകളും വന്‍മരങ്ങളും കടപുഴക്കി. കാറ്റിനൊപ്പം അതിശക്തമായ മഴയും കൂടിയെത്തിയതോടെ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 
 1999 ലെ സൂപ്പര്‍ ചൂഴലിക്കാറ്റിന് ശേഷം ഇതാദ്യമായാണ് ഒഡീഷയില്‍ ഇത്ര ശക്തിയേറിയ ചുഴലിക്കാറ്റ് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com