വിദ്യാര്‍ത്ഥികള്‍ അമിത ഭാരം പേറേണ്ട; ബാഗില്ലാതെയും സ്‌കൂളില്‍ വരണം; ഹോം വര്‍ക്കും വേണ്ട

ഒരു കുട്ടിയുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതല്‍ സ്‌കൂള്‍ ബാഗുകള്‍ക്ക് ഭാരമുണ്ടാകരുതെന്ന് സര്‍ക്കുലര്‍
വിദ്യാര്‍ത്ഥികള്‍ അമിത ഭാരം പേറേണ്ട; ബാഗില്ലാതെയും സ്‌കൂളില്‍ വരണം; ഹോം വര്‍ക്കും വേണ്ട

ബംഗളൂരു: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കി കര്‍ണാടക സര്‍ക്കാര്‍. ഒരു കുട്ടിയുടെ ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ കൂടുതല്‍ സ്‌കൂള്‍ ബാഗുകള്‍ക്ക് ഭാരമുണ്ടാകരുതെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി ഇറക്കിയ സര്‍ക്കുലറില്‍ ഓരോ ക്ലാസിലേയും കുട്ടികളുടെ ബാഗിന്റെ ഭാരം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം 1.5 കിലോ മുതല്‍ രണ്ട് കിലോ ആണ്. മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം രണ്ട് കിലോ മുതല്‍ മൂന്ന് കിലോ വരെയാണ്. ആറാം ക്ലാസ് മുതല്‍ എട്ട് വരെ മൂന്ന്, നാല് കിലോ. ഒന്‍പത്, പത്ത് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം അഞ്ച് കിലോയുമാണ്. ഈ അക്കാദമിക് വര്‍ഷം മുതല്‍ തന്നെ ഇത് നടപ്പാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. 

എല്ലാ മാസത്തിലേയും മൂന്നാമത്തെ ശനിയാഴ്ച ബാഗില്ലാതെ കുട്ടികള്‍ സ്‌കൂളിലെത്തണം. ഈ ദിവസം അധ്യാപകര്‍ കുട്ടികളുടെ സാംസ്‌കാരിക വളര്‍ച്ചയ്ക്കുതകുന്നതും അവരുടെ ഉള്ളിലെ മറ്റ് കഴിവുകള്‍ കണ്ടെത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുത്. ഈ ക്ലാസുകളിലെ കുട്ടികളുടെ നോട്ട് ബുക്കുകള്‍ 100 പേജില്‍ കൂടാന്‍ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. 

2016- 17 വര്‍ഷത്തില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന വിഭാഗം നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. കുട്ടികളില്‍ നിന്ന് അഭിപ്രായം തേടി ബംഗളൂരു സര്‍വകലാശലയും സമാന ആവശ്യം മുന്നോട്ടു വച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com