ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തുന്നത് കോടതിയുടെ വിശ്വാസ്യതയ്ക്ക് ഇടിവുണ്ടാക്കും ; വിയോജിപ്പുമായി രണ്ട് ജഡ്ജിമാര്‍ 

സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ എന്നിവരാണ് സമിതിയെ അതൃപ്തി അറിയിച്ചത്
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തുന്നത് കോടതിയുടെ വിശ്വാസ്യതയ്ക്ക് ഇടിവുണ്ടാക്കും ; വിയോജിപ്പുമായി രണ്ട് ജഡ്ജിമാര്‍ 

ന്യൂഡല്‍ഹി : സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്ന ജഡ്ജിമാരുടെ സമിതിയുടെ നിലപാടില്‍ അതൃപ്തിയുമായി ജഡ്ജിമാര്‍. സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍ എന്നിവരാണ് സമിതിയെ അതൃപ്തി അറിയിച്ചത്. പരാതിക്കാരിയായ യുവതിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തുന്നതില്‍ ജഡ്ജിമാര്‍ ആശങ്ക അറിയിച്ചു.  പ്രമുഖ ദേശീയ ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

മെയ് രണ്ടിന് ( വെള്ളിയാഴ്ച) വൈകീട്ട് ലൈംഗികാരോപണം അന്വേഷിക്കുന്ന ജസ്റ്റിസ് എസ് എ ബോബ്‌ഡെ സമിതിക്ക് മുന്നില്‍ നേരിട്ടെത്തിയാണ് രണ്ട് ജഡ്ജിമാരും ആശങ്ക അറിയിച്ചത്. യുവതിയുടെ അസാന്നിധ്യത്തില്‍ സമിതി അന്വേഷണം നടത്തരുത്. സമിതിക്ക് മുന്നില്‍ ഹാജരാകുമ്പോള്‍ യുവതിക്ക് അഭിഭാഷകന്റെ സഹായം വേണം. പരാതിക്കാരിയുടെ അഭിഭാഷകരെ അനുവദിക്കാത്തതിലും ജഡ്ജിമാര്‍ വിയോജിപ്പ് അറിയിച്ചു. 

യുവതിയുടെ അസാന്നിധ്യത്തില്‍ സമിതി അന്വേഷണവുമായി മുന്നോട്ടുപോകുന്നത് സുപ്രിംകോടതിയുടെ വിശ്വാസ്യതയ്ക്ക് ഇടിവുണ്ടാക്കുമെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. പരാതിക്കാരിയുടെ അഭിഭാഷകനെ കേള്‍ക്കാന്‍ അനുവദിക്കുകയോ, അല്ലെങ്കില്‍ അന്വേഷണത്തില്‍ അമിക്കസ് ക്യൂറിയെ നിയോഗിക്കുകയോ വേണമെന്ന് ജസ്റ്റിസ് നരിമാന്‍ ആവശ്യപ്പെട്ടു. 

അന്വേഷണസമിതിക്ക് മുന്നില്‍ താന്‍ ഹാജരായപ്പോള്‍ എന്തുകൊണ്ട് പരാതി നല്‍കാന്‍ വൈകി എന്ന് ആവര്‍ത്തിച്ച് ചോദിക്കുകയാണ് സമിതി ചെയ്തത്. മാത്രമല്ല, തന്റെ അഭിഭാഷകനെ അനുവദിച്ചില്ല. ഈ സാഹചര്യത്തില്‍ സമിതിയില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി അന്വേഷണത്തില്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. യുവതി ഹാജരായില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സമിതി തീരുമാനിക്കുകയായിരുന്നു. 

സുപ്രിംകോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചിട്ടുള്ളത്. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരാണ് സമിതിയിലുള്ളത്. സമിതിയെ വിയോജിപ്പ് അറിയിച്ച ജസ്റ്റിസ് നരിമാന്‍ സീനിയോറിറ്റിയില്‍ അഞ്ചാമനും, സുപ്രിംകോടതി കൊളീജിയത്തില്‍ ഉള്‍പ്പെട്ട ജഡ്ജിയുമാണ്. ജസ്റ്റിസ് ചന്ദ്രചൂഡ് സീനിയോറിറ്റിയില്‍ പത്താമനും, 2022 ല്‍ ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com