അസമില്‍ വര്‍ഗീയ ലഹള; 15 പേര്‍ക്ക് പരുക്കേറ്റു; നിരോധനാജ്ഞ

അസമിലെ ഹൈലകണ്ഡി നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ്
അസമില്‍ വര്‍ഗീയ ലഹള; 15 പേര്‍ക്ക് പരുക്കേറ്റു; നിരോധനാജ്ഞ

ഗുവാഹത്തി: അസമിലെ ഹൈലകണ്ഡി നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ്. ഇരുവിഭാഗവും പരസ്പരം കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. ആക്രമികളെ തുരത്താന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. മൂന്ന് പൊലീസുകാരടക്കം 15ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി സ്ഥാപനങ്ങളും അക്രമികള്‍ തല്ലിത്തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു വിഭാഗത്തിന്റെ ആരാധാനലയത്തിന് മുന്നില്‍ നിര്‍ത്തിയ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ആരാധനാലയ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്ന് ഉച്ചയോടെ ആരാധനാലയത്തിന് മുന്നില്‍നിന്ന വിശ്വാസികള്‍ക്കു നേരെ ഒരു വിഭാഗം കല്ലെറിഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുടലെടുക്കുകയായിരുന്നു. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

ബറക് താഴ്വരയിലാണ് ഹൈലാകണ്ഡി നഗരം. ദേശീയ പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണിത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 2012ല്‍ അസമിലെ കൊക്രജാറില്‍ ബോഡോ വിഭാഗവും ബംഗാളി മുസ്ലിങ്ങളും തമ്മിലുള്ള ലഹളയില്‍ 77ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com