സിഖ് വിരുദ്ധ കലാപം: സാം പിത്രോദ മാപ്പു പറയണം; തളളി പറഞ്ഞ് രാഹുല്‍ 

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷന്‍ സാം പിത്രോദയുടെ വിവാദ പരാമര്‍ശത്തെ തളളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
സിഖ് വിരുദ്ധ കലാപം: സാം പിത്രോദ മാപ്പു പറയണം; തളളി പറഞ്ഞ് രാഹുല്‍ 

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷന്‍ സാം പിത്രോദയുടെ വിവാദ പരാമര്‍ശത്തെ തളളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സാം പിത്രോദ നടത്തിയ വിവാദ പരാമര്‍ശം കോണ്‍ഗ്രസിന്റെ നിലപാടല്ല. വിഷയത്തില്‍ സാം പിത്രോദ മാപ്പുപറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കൂട്ടക്കൊല വലിയ വേദനയുണ്ടാക്കിയ ദുരന്തമാണ്. ഇക്കാര്യം പിത്രോദയോട് നേരിട്ട് പറയുമെന്നും രാഹുല്‍ പറഞ്ഞു.നേരത്തെ,സാം പിത്രോദയുടേത് പാര്‍ട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും കോണ്‍ഗ്രസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരസ്യ പ്രസ്താവനകള്‍ നടത്തുമ്പോള്‍ നേതാക്കള്‍  കൂടുതല്‍ ശ്രദ്ധിക്കണമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

1984 ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് നിരന്തരം പോരാടിയിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിലെ ഇരകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും കോണ്‍ഗ്രസ് പത്രക്കുറിപ്പില്‍ പറഞ്ഞു. സിഖ് കൂട്ടക്കൊലയ്‌ക്കൊപ്പം തന്നെ 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകള്‍ക്കും നീതി ലഭിക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള എല്ലാ ആക്രമണങ്ങളെയും കോണ്‍ഗ്രസ് അപലപിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

'1984 ല്‍ സിഖ് കൂട്ടക്കൊല നടന്നു. അതിനെന്താ. നിങ്ങളെന്താണ് ചെയ്തത്'- എന്നായിരുന്നു സാം പിത്രോദയുടെ വിവാദ പ്രസ്താവന.  സാം പിത്രോദയുടെ വാക്കുകളെ രാഷ്ടീയ ആയുധമാക്കി ബിജെപി പ്രതിഷേധം കടുപ്പിച്ചിരുന്നു. എന്നാല്‍ തന്റെ വാക്കുകളെ ബിജെപി വളച്ചൊടിക്കുകയായിരുന്നുവെന്നാണ് സാം പിത്രോദയുടെ വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com