പാക് സേനയുടെ പിടിയിലായ അഭിനന്ദനെ ഐഎസ്‌ഐ കൊണ്ടുപോയി; മണിക്കൂറുകളോളം പീഡിപ്പിച്ചു: പുതിയ വെളിപ്പെടുത്തല്‍

പാക് സേനയുടെ പിടിയിലായ അഭിനന്ദനെ ഐഎസ്‌ഐ കൊണ്ടുപോയി; മണിക്കൂറുകളോളം പീഡിപ്പിച്ചു: പുതിയ വെളിപ്പെടുത്തല്‍

പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് ചാരസംഘടന ഐഎസ്‌ഐയുടെ കസ്റ്റഡിയിലായെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക് ചാരസംഘടന ഐഎസ്‌ഐയുടെ കസ്റ്റഡിയിലായെന്ന് റിപ്പോര്‍ട്ട്. പിടിയിലായി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ ഇസ് ലാമാബാദില്‍ നിന്നും റാവല്‍പ്പിണ്ടിയിലേക്ക് മാറ്റി. 

രണ്ടുദിവസം തടവറയില്‍ വെച്ച് അദ്ദേഹത്തെ ഐഎസ്‌ഐ പീഡിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ' പിടിയിലായ് നാലഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ റാവല്‍പിണ്ടിയിലേക്ക് മാറ്റി. ഇത് അദ്ദേഹം ഡീബ്രീഫിങിന് വിധേയനായപ്പോള്‍ ലഭിച്ച വിവരമാണ്' എന്ന് ഇന്ത്യ സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫെബ്രുവരി 26നാണ് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടയില്‍ അഭിനന്ദന്റെ മിഗ് ബൈസന്‍ വിമാനം പാകിസ്ഥാന്‍ വെടിവച്ചിട്ടത്. തുടര്‍ന്ന് അദ്ദേഹം പാക് സേനയുടെ പിടിയിലായി. ചോദ്യം ചെയ്യുന്നതിനിടയില്‍ അഭിനന്ദനെ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ മാനസ്സികമായും ശാരീരികവുമായി പീഡിപ്പിച്ചു. 

'തീവ്രതകൂടിയ വെളിച്ചമുള്ളതും ഉച്ചത്തില്‍ ശബ്ദം മുഴങ്ങുന്നതുമായ ഒരു മുറിയിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചത്. ഓരോ അരമണിക്കൂറിലും അദ്ദേഹത്തെ ദേഹോപദ്രവം ഏല്‍പ്പിച്ചു.' സേനാ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. 

റാവല്‍പിണ്ടിയിലേക്ക് പോകുന്നതിന് മുമ്പ് പാകിസ്ഥാന്‍ സൈന്യം അഭിനന്ദനോട് മാന്യമായാണ് പെരുമാറിയത്. സേനയുടെ മെസ്സില്‍ അദ്ദേഹത്തിന് ചായ നല്‍കുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ സൈന്യത്തെ പുകഴ്ത്തുന്നതായി പുറത്തുവന്ന തന്റെ വീഡിയോ വ്യാജമാണെന്നും അത് തന്റെ ശബ്ദമല്ലെന്നും അഭിനന്ദന്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ നിന്ന് വിട്ടയച്ച ശേഷം അഭിനന്ദന്‍ ഇന്ത്യന്‍ സേനയുടെ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തെ നീണ്ട ഡീബ്രീഫിങിന് വിധേയനാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com