കമല്‍ഹാസന് നേരെ വീണ്ടും ആക്രമണം; ചീമുട്ടയും കല്ലും എറിഞ്ഞു; രണ്ടുപേര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവെക്കാന്‍ കമല്‍ഹാസനോട് പൊലീസ് ആവശ്യപ്പെട്ടു
കമല്‍ഹാസന് നേരെ വീണ്ടും ആക്രമണം; ചീമുട്ടയും കല്ലും എറിഞ്ഞു; രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ; ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിച്ചതിന്റെ പേരില്‍ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന് നേരെ വീണ്ടും ആക്രമണം. തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ കമല്‍ഹാസന്റെ നേരെ ഒരു വിഭാഗം ആളുകള്‍ ചീമുട്ടയും കല്ലും എറിയുകയായിരുന്നു. അറവാക്കുറിച്ചിയില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടത്തിയ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക നിഗമനം. 

മധുരയിലെ തിരുപ്പറന്‍കുന്‍ഡ്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞതിന് പിന്നാലെയാണ് കമല്‍ഹാസന്‍ വീണ്ടും ആക്രമിക്കപ്പെടുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവെക്കാന്‍ കമല്‍ഹാസനോട് പൊലീസ് ആവശ്യപ്പെട്ടു. 

കമല്‍ ഹാസനെ ആക്രമിച്ചവരെ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. സ്ഥലത്തെത്തിയ പൊലീസ്, കമല്‍ ഹാസനെതിരെ കല്ലും ചീമുട്ടയും എറിഞ്ഞവരെ കസ്റ്റഡിയിലെടുത്തു. സത്യം നിന്ദിക്കുന്ന തീവ്രവാദികളാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. സത്യസന്ധയ്ക്കും ക്ഷമയ്ക്കും നേരെയുണ്ടായ പരീക്ഷണമാണ് ഇത്. പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും അക്രമത്തിലേക്ക് തിരിയരുതെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.

കമല്‍ഹാസന് നാളെ കോയമ്പത്തൂരിലും സുളൂരിലും ഉപ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുണ്ട്. തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രചാരണ പരിപാടികള്‍ മാറ്റിവക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. 

മഹാത്മാ ഗാന്ധിയെ കൊലചെയ്ത ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി എന്നാണ് കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ പറഞ്ഞത്. ഇതിന് പിന്നാലെ ബിജെപിയും അണ്ണാ ഡിഎംകെയും കമല്‍ഹാസനെതിരേ രംഗത്തെത്തി. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കമല്‍ഹാസനെതിരേ കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ താന്‍ പറഞ്ഞത് ചരിത്രം മാത്രമാണെന്നും ഹിന്ദു മതത്തെ വൃണപ്പെടുത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി കമല്‍ ഹാസന്‍ പ്രസ്താവനയില്‍ ഉറച്ചു നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com