എക്‌സിറ്റ് പോള്‍ അല്ല യഥാര്‍ഥ ഫലം, 1999 മുതലുള്ള ഭൂരിഭാഗം എക്‌സിറ്റ് പോളുകളും തെറ്റ്: വെങ്കയ്യ നായിഡു

എക്‌സിറ്റ് പോള്‍ അല്ല യഥാര്‍ഥ ഫലം, 1999 മുതലുള്ള ഭൂരിഭാഗം എക്‌സിറ്റ് പോളുകളും തെറ്റ്: വെങ്കയ്യ നായിഡു
എക്‌സിറ്റ് പോള്‍ അല്ല യഥാര്‍ഥ ഫലം, 1999 മുതലുള്ള ഭൂരിഭാഗം എക്‌സിറ്റ് പോളുകളും തെറ്റ്: വെങ്കയ്യ നായിഡു


അമരാവതി (ആന്ധ്രാപ്രദേശ്): ബിജെപിക്കു വന്‍ ജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ അവയുടെ ആധികാരികത തള്ളി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. എക്‌സിറ്റ് പോള്‍ അല്ല യഥാര്‍ഥ ഫലമെന്നും 1999 മുതലുള്ള ഭൂരിഭാഗം എക്‌സിറ്റ് പോളുകളും തെറ്റായിരുന്നുവെന്നും മുതിര്‍ന്ന ബിജെപി നേതാവു കൂടിയായ വെങ്കയ്യ നായിഡു പറഞ്ഞു. 

'എക്‌സിറ്റ് പോള്‍ യഥാര്‍ഥ ഫലമല്ല. അതു നാം മനസ്സിലാക്കണം. 1999 മുതലുള്ള ഭൂരിഭാഗം എക്‌സിറ്റ് പോളുകളും തെറ്റായിരുന്നു' അദ്ദേഹം പറഞ്ഞു- ഗുണ്ടൂരില്‍ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

'വോട്ടെണ്ണല്‍ നടക്കുന്ന 23 വരെ എല്ലാവരും തങ്ങള്‍ വിജയിക്കുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കും. അതിനൊരടിസ്ഥാനവുമില്ല. അതിനാല്‍, 23നായി കാത്തിരിക്കാം. രാജ്യത്തിനും സംസ്ഥാനത്തിനും (ആന്ധ്രാപ്രദേശ്) ഒരു നേതാവും സ്ഥിരസര്‍ക്കാരും ആവശ്യമാണ്. അത്രതന്നെ' അദ്ദേഹം പറഞ്ഞു.

17ാം ലോക്‌സഭയിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടം അവസാനിക്കുമ്പോള്‍ രാജ്യത്ത് എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പ്രവചിക്കുന്നത്. ടൈംസ് നൗ– വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് എന്‍ഡിഎയ്ക്ക് 306 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റുകളും മറ്റുള്ളവര്‍ 104 സീറ്റുകളും സ്വന്തമാക്കുമെന്നു ടൈംസ് നൗ പ്രവചിക്കുന്നു.

റിപ്പബ്ലിക് സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത് 287 സീറ്റുകള്‍ എന്‍.ഡി.എക്ക് കിട്ടുമെന്നാണ്. യു.പി.എക്ക് 128 സീറ്റുകളും മറ്റുള്ളവര്‍ക്ക് 127 സീറ്റുകളും ലഭിക്കുമെന്നാണ് റിപ്പബ്ലിക് സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ ഫലം.

ജന്‍കി ബാത് പോളില്‍ എന്‍ഡിഎ 300ന് മുകളില്‍ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. യുപിഎ 124, മഹാഗഡ്ബന്ധന്‍ 26, മറ്റുള്ളവര്‍ 87. എബിപി സര്‍വേയും ന്യൂസ് എക്‌സ് സര്‍വേയും എന്‍ഡ!ിഎയ്ക്ക് 298 സീറ്റും പ്രവചിക്കുന്നു.

ഇന്ത്യ ടുഡെ – ആക്‌സിസ് സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 15 മുതല്‍ 16 വരെ ലഭിച്ചേക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് മൂന്നു മുതല്‍ അഞ്ചു വരെ സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റുവരെയും ലഭിച്ചേക്കാം. എന്‍ഡിഎ തിരുവനന്തപുരത്ത് വിജയിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡെ പ്രവചിക്കുന്നത്.

കര്‍ണാടക ബിജെപി തൂത്തുവാരും. കര്‍ണാടകയില്‍ 21 മുതല്‍ 25 വരെ സീറ്റുകള്‍ ബിജെപി നേടും.

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടിയെന്നാണ് ഫലങ്ങള്‍ കാണിക്കുന്നത്. തെലുങ്ക് ദേശം പാര്‍ട്ടിയെ തകര്‍ത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് മുന്നേറി നില്‍ക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 18 മുതല്‍ 20 വരെ സീറ്റുകള്‍ നേടുമെന്നാണ് ഫലങ്ങള്‍. തമിഴ്‌നാട്ടില്‍ ഡിഎംകെ 34 മുതല്‍ 38 വരെ സീറ്റുകള്‍ നേടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com