യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം വിജയിക്കുമെന്ന് മന്ത്രി; തൊട്ടുപിന്നാലെ സഖ്യകക്ഷി നേതാവിനെ പുറത്താക്കി യോഗി ആദിത്യനാഥ് 

ഉത്തര്‍പ്രദേശില്‍ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവും മന്ത്രിയുമായ ഒ പി രാജ്ഭറിനെ യോഗി മന്ത്രിസഭയില്‍ നിന്നും പുറത്താക്കി
യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം വിജയിക്കുമെന്ന് മന്ത്രി; തൊട്ടുപിന്നാലെ സഖ്യകക്ഷി നേതാവിനെ പുറത്താക്കി യോഗി ആദിത്യനാഥ് 

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവും മന്ത്രിയുമായ ഒ പി രാജ്ഭറിനെ യോഗി മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. തുടര്‍ച്ചയായി ബിജെപിയെ വിമര്‍ശിക്കുന്ന സഖ്യകക്ഷിനേതാവാണ് രാജ്ഭര്‍. രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് രാജ്ഭര്‍ നേരത്തെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍ രാജി സ്വീകരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 39 ഇടത്ത് രാജ്ഭറിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. അവസാനഘട്ട വോട്ടെടുപ്പ് വേളയില്‍, എസ്പി- ബിഎസ്പി സഖ്യം സംസ്ഥാനത്ത് മികച്ച വിജയം നേടുമെന്ന് രാജ്ഭര്‍ പ്രവചിച്ചിട്ടുണ്ട്. ഇതെല്ലാം ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് യോഗി ആദിത്യനാഥ് രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയത്. പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു രാജ്ഭര്‍.

പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് രാജ്ഭര്‍ പറഞ്ഞു. അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com