റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് റിസാറ്റ്-2ബി വിക്ഷേപിച്ചു  

ഭൂമിയില്‍ നിന്ന് 555 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമധ്യരേഖയില്‍ നിന്ന് 37 ഡിഗ്രി മാറിയാണ് ഉപ​ഗ്രഹം സ്ഥാപിക്കുന്നത്
റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് റിസാറ്റ്-2ബി വിക്ഷേപിച്ചു  

ചെന്നൈ: ഭൗമനിരീക്ഷണത്തിനുള്ള റഡാര്‍ എര്‍ത്ത് ഇമേജിംഗ് സാറ്റലൈറ്റ് റിസാറ്റ്-2ബി ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിച്ച് ഐഎസ്‍ആര്‍ഒ. ശ്രീഹരിക്കേട്ടയിലെ സതീഷ് ധവാന്‍ സ്‌പെയസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 5.27നായിരുന്നു വിക്ഷേപണം. പിഎസ്‍എല്‍വി-സി46 റോക്കറ്റിലായിരുന്നു വിക്ഷേപണം. 300 കിലോഗ്രാം ഭാരമുള്ള  ഉപഗ്രഹവും ഇന്ധനവും ഉള്‍പ്പെടെ 615 കിലോഗ്രാമാണ് പിഎസ്എല്‍വി വഹിക്കുന്നത്.

ആകാശനിരീക്ഷണം ശക്തമാക്കുന്നതിനുള്ള ഈ പുതിയ ദൗത്യത്തിലൂടെ പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങളും അറബിക്കടലിലെ പാകിസ്ഥാന്‍ യുദ്ധക്കപ്പലുകളുടെ നീക്കവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും നിരീക്ഷിക്കാന്‍ സാധിക്കും. ഇതുവഴി അതിര്‍ത്തിയിലുള്ള വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിയും.

കൃഷി, വനം, ദുരിതനിവാരണം എന്നിവയ്ക്കുള്ള വിവരങ്ങളിലാണ് ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിക്കുക. സാധാരണ റിമോട്ട് സെന്‍സിങ് ഉപഗ്രഹങ്ങളെക്കാള്‍ കഴിവുള്ളവയാണ് റഡാര്‍ സാറ്റലൈറ്റുകള്‍. മേഘങ്ങള്‍ക്ക് ഉള്ളിലൂടെയുള്ള കാഴ്‍ച്ച സാധ്യമാക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് ചെറിയ വസ്‍തുക്കളെയും തിരിച്ചറിയാന്‍ കഴിയും. 

ഭൂമിയില്‍ നിന്ന് 555 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമധ്യരേഖയില്‍ നിന്ന് 37 ഡിഗ്രി മാറിയാണ് ഉപ​ഗ്രഹം സ്ഥാപിക്കുന്നത്. അഞ്ച് വര്‍ഷക്കാലമാണ് ആയുസ്സ് . 2009 ഏപ്രില്‍ 20-നാണ് ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com