വിവിപാറ്റ് ആദ്യം എണ്ണുമോ? അന്തിമ ഫലം മണിക്കൂറുകള്‍ വൈകും; കമ്മിഷന്‍ തീരുമാനം ഉടന്‍

വിവിപാറ്റ് ആദ്യം എണ്ണണമെന്നും തുടര്‍ന്ന് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുമ്പോള്‍ പൊരുത്തക്കേടു കണ്ടാല്‍ ആ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം
വിവിപാറ്റ് ആദ്യം എണ്ണുമോ? അന്തിമ ഫലം മണിക്കൂറുകള്‍ വൈകും; കമ്മിഷന്‍ തീരുമാനം ഉടന്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് (വോട്ടു രശീതി) ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നു തീരുമാനമെടുക്കും. വിവിപാറ്റ് ആദ്യം എണ്ണണമെന്നും തുടര്‍ന്ന് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുമ്പോള്‍ പൊരുത്തക്കേടു കണ്ടാല്‍ ആ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

അന്‍പതു ശതമാനമെങ്കിലും വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രിം കോടതി തള്ളിയിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വിവിപാറ്റ് എണ്ണണമെന്നാണ് കോടതി നല്‍കിയ നിര്‍ദേശം. ഇതനുസരിച്ച് വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണിക്കഴിഞ്ഞതിനു ശേഷം വിവിപാറ്റുകള്‍ എണ്ണാനാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചിട്ടുള്ളത്. 

വിവിപാറ്റും വോട്ടിങ് മെഷീനിലെ വോട്ടും തമ്മില്‍ പൊരുത്തക്കേടു കണ്ടാല്‍ വിവിപാറ്റ് ആയിരിക്കും അന്തിമമായി സ്വീകരിക്കുകയെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതുകൊണ്ടു കാര്യമില്ലെന്നും പൊരുത്തക്കേടു കണ്ടാല്‍ ആ മണ്ഡലത്തിലെ മുഴുവന്‍ വിവിപാറ്റും എണ്ണണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇതിനായി ആദ്യം വിവിപാറ്റ് എണ്ണണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നാണ് കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്.

വിവിപാറ്റുകള്‍ ആദ്യം എണ്ണാന്‍ തീരുമാനിച്ചാല്‍ അന്തിമ ഫലം മണിക്കൂറുകള്‍ നീളാന്‍ ഇടയുണ്ടെന്നാണ് സൂചന. വിവിപാറ്റുകള്‍ എണ്ണിത്തീര്‍ക്കാന്‍ നാലു മുതല്‍ ആറു മണിക്കൂര്‍ വരെയെടുക്കുമെന്നാണ് കമ്മിഷന്റെ നിഗമനം. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ അനൗദ്യോഗികമായി ഫലം പുറത്തുവിടും. ഇത് ഉച്ചയോടെ അറിയാനാവുമെന്നും പിന്നീട് വിവിപാറ്റ് എണ്ണി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് കമ്മിഷന്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ വിവിപാറ്റ് ആദ്യം എണ്ണാന്‍ തീരുമാനിക്കുന്ന പക്ഷം ഇതു പാടേ മാറിമറിയും. നാലോ അഞ്ചോ മണിക്കൂറെടുത്ത് വിവിപാറ്റ് എണ്ണിക്കഴിഞ്ഞതിനു ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണാന്‍ തീരുമാനിച്ചാല്‍ അന്തിമ ഫലം മണിക്കൂറുകള്‍ വൈകാനാണ് ഇട.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com