അടുത്തവര്‍ഷം രാജ്യസഭയില്‍ 125 കടക്കും; പാര്‍ലമെന്റില്‍ സമ്പൂര്‍ണ എന്‍ഡിഎ ആധിപത്യം 

നയപരമായ വിഷയങ്ങളില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ രാജ്യസഭയില്‍ എന്‍ഡിഎ മുന്നണിക്ക് ഭൂരിപക്ഷം ആവശ്യമാണ്
അടുത്തവര്‍ഷം രാജ്യസഭയില്‍ 125 കടക്കും; പാര്‍ലമെന്റില്‍ സമ്പൂര്‍ണ എന്‍ഡിഎ ആധിപത്യം 

ന്യൂഡല്‍ഹി:  മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലേറിയ എന്‍ഡിഎ മുന്നണി ഇനി ലക്ഷ്യമിടുന്നത് രാജ്യസഭ. നിലവില്‍ രാജ്യസഭയില്‍ എന്‍ഡിഎ മുന്നണി ന്യൂനപക്ഷമാണ്. എന്നാല്‍ 2020 ഓടേ രാജ്യസഭയും എന്‍ഡിഎ മുന്നണി പിടിച്ചെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

നയപരമായ വിഷയങ്ങളില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ രാജ്യസഭയില്‍ എന്‍ഡിഎ മുന്നണിക്ക് ഭൂരിപക്ഷം ആവശ്യമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് എന്‍ഡിഎ മുന്നണിക്ക് തടസ്സമായി നിന്നതും ഇത് തന്നെയാണ്. മുത്തലാഖ്, പൗരത്വ ഭേദഗതി ഉള്‍പ്പെടെയുളള സുപ്രധാന ബില്ലുകളില്‍ സംഭവിച്ചത് അതാണ്.  ഭൂരിപക്ഷം ഉപയോഗിച്ച് ലോക്‌സഭയില്‍ ബില്ല് പാസാക്കിയെടുക്കാന്‍ എന്‍ഡിഎയ്ക്ക് നിഷ്പ്രയാസം സാധിച്ചുവെങ്കിലും നിയമമാക്കി മാറ്റുന്നതിന് ആവശ്യമായ രാജ്യസഭയുടെ അംഗീകാരം നേടിയെടുക്കാന്‍ സാധിച്ചില്ല. രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതാണ് ഇതിന് തടസ്സമായത്. ഇതിന് 2020 ഓടേ പരിഹാരം ആകുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍.

നിലവില്‍ 245 അംഗങ്ങളുളള രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 101 പേരാണുളളത്. കഴിഞ്ഞവര്‍ഷം രാജ്യസഭയില്‍ കോണ്‍ഗ്രസിനെ പിന്തളളി ഏറ്റവും കൂടുതല്‍ എംപിമാരുളള പാര്‍ട്ടിയായി ബിജെപി മാറി. ഇതിന് പുറമേ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നു എംപിമാരുടെ പിന്തുണയും ബിജെപിക്കുണ്ട്. മൂന്നു സ്വതന്ത്രരെ ഒപ്പം നിര്‍ത്തിയും എന്‍ഡിഎ മുന്നണി അംഗബലം 107 പേരായി ഉയര്‍ത്തിട്ടുണ്ട്.

2020 നവംബറോടെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവുവരുന്ന സീറ്റുകളില്‍ നിന്ന് 19 എണ്ണം പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഗുജറാത്ത് ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ സീറ്റുകള്‍ ബിജെപി പ്രതീക്ഷിക്കുന്നത്. ഇതില്‍ ഉത്തര്‍പ്രദേശിലാണ് രാജ്യസഭയിലേക്ക് കൂടുതല്‍ ഒഴിവുകള്‍ വരുന്നത്. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയില്‍ 310 എംഎല്‍എമാരാണ് എന്‍ഡിഎ മുന്നണിക്ക് ഉളളത്. അതിനാല്‍ കൂടുതല്‍ എംപിമാരെ തെരഞ്ഞെടുത്ത് രാജ്യസഭയിലേക്ക് അയക്കാന്‍ ബിജെപിക്ക് എളുപ്പം സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിന് പുറമേ തമിഴ്‌നാട്ടില്‍ ഒഴിവുവരുന്ന ആറു സീറ്റുകളും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. അവിടെ ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെയാണ് ഭരിക്കുന്നത്. കര്‍ണാടക, മിസോറാം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും ഒരു സീറ്റ് വീതം ലഭിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, എന്നി സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണെന്നതും എന്‍ഡിഎയ്ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. അസമില്‍ മൂന്നും, രാജസ്ഥാനില്‍ രണ്ടും ഒഡീഷയില്‍ ഒന്നും ഒഴിവുകള്‍ വരുന്നുണ്ട്. ഇതിലും ബിജെപി കണ്ണുവെയ്ക്കുന്നുണ്ട്.

അങ്ങനെ വന്നാല്‍ എന്‍ഡിഎ മുന്നണിയുടെ അംഗബലം 125 ആയി ഉയരും. ഭൂരിപക്ഷത്തിന് 123 അംഗങ്ങളുടെ പിന്തുണ മാത്രം ആവശ്യമുളള സ്ഥാനത്താണ് രണ്ടു സീറ്റുകള്‍ അധികം ലഭിക്കാന്‍ പോകുന്നത്. അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ രാജ്യസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്ന ആദ്യസര്‍ക്കാരായി എന്‍ഡിഎ മുന്നണി മാറും. 

ലോക്‌സഭയില്‍ നിന്ന് വ്യത്യസ്തമായി എംഎല്‍എമാരാണ് രാജ്യസഭ എംപിയെ തെരഞ്ഞെടുക്കുന്നത്. ആറുവര്‍ഷമാണ് കാലാവധി. രണ്ടുവര്‍ഷം കൂടുമ്പോള്‍ മൂന്നില്‍ ഒന്ന് അംഗങ്ങളുടെ കാലാവധി തീരുന്ന രീതിയിലാണ് രാജ്യസഭയിലെ തെരഞ്ഞെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com