രമ്യ മുതല്‍ സോണിയ വരെ..; വനിതാ പ്രാതിനിധ്യത്തില്‍ റെക്കോര്‍ഡിട്ട് 17ാം ലോക്‌സഭ

1952 മുതലുള്ള ലോക്‌സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വനിതകള്‍ തിരഞ്ഞെടുക്കപ്പെടുന്നത്
രമ്യ മുതല്‍ സോണിയ വരെ..; വനിതാ പ്രാതിനിധ്യത്തില്‍ റെക്കോര്‍ഡിട്ട് 17ാം ലോക്‌സഭ

ന്യൂഡല്‍ഹി: ലോക്‌സഭയുടെ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യത്തില്‍ റെക്കോഡ് തീര്‍ത്ത് 17ാം ലോക്‌സഭ. 542 അംഗങ്ങളില്‍ ഇക്കുറി 78 പേര്‍ വനിതകളാണ്.  1952 മുതലുള്ള ലോക്‌സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വനിതകള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. മൊത്തം അംഗങ്ങളുടെ 14 ശതമാനത്തോളം വരും ഇത്. 

724 വനിതകളാണ് ഇത്തവണ മത്സരംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസ് 54 പേരെ സ്ഥാനാര്‍ത്ഥികളാക്കിയപ്പോള്‍ ബിജെപി 53 പേരെ മത്സരിപ്പിച്ചു. എന്നാല്‍ കൂടുതല്‍ വനിതകളെ വിജയിപ്പിച്ചത് ബിജെപിയാണ്. നാല്‍പ്പത്തിയൊ്ന്നുപേര്‍. കോണ്‍ഗ്രസിന് സോണിയയും ആലത്തൂരില്‍ നിന്ന് ജയിച്ച രമ്യ ഹരിദാസും അടക്കം നാല് വനിതാ അംഗങ്ങളാണുള്ളത്. തൃണമൂലിന് ഒന്‍പതും ബിജെഡിക്ക് അഞ്ച് വനിതാ അംഗങ്ങളുമുണ്ട്.

ഇതിന് മുമ്പ് 15ാം ലോക്‌സഭയില്‍ 52 വനിതകളും 16ാം ലോകസഭയില്‍ 64 വനിതകളുമാണ് തിരഞ്ഞെടുക്കെപ്പട്ടത്. ഇക്കുറി 41 സിറ്റിങ് എംപിമാരില്‍ 27 പേരും വനിതകളാണ് എന്ന പ്രത്യേകതയുമുണ്ട്. ആദ്യത്തെയും രണ്ടാമത്തെയും ലോക്‌സഭയില്‍ 24 വനിതകള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. മൂന്നാം ലോക്‌സഭയില്‍ 37 വനിതകളുണ്ടായിരുന്നു. എട്ടില്‍ 45 സ്ത്രീകളാണ് ഉണ്ടായിരുന്നത്, ഒമ്പതില്‍ 28,  പത്തില്‍ 42, പതിനൊന്നില്‍41, പന്ത്രണ്ടില്‍44, പതിമൂന്നിലും പതിന്നാലിലും 52 പേരും വനിതകളായിരുന്നു.

എന്നിരുന്നാലും 33 ശതമാനം എന്ന മന്ത്രികസംഖ്യ കടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇക്കുറി തിരഞ്ഞെടുക്കപ്പെട്ട 78 പേരില്‍ ഉത്തര്‍പ്രദേശില്‍  നിന്നും പശ്ചിമ ബംഗാളില്‍ നിന്നും 11 വനിതകള്‍ വീതം ഉണ്ട്.  മഹാരാഷ്ട്രയില്‍ നിന്ന് എട്ട് പേരും ഒഡിഷയില്‍ നിന്ന് ഏഴ് പേരും ഗുജറാത്തില്‍ നിന്ന് ആറു പേരും മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാലു പേര്‍ വീതവും ചത്തീസ്ഗഢില്‍ നിന്നും ബിഹാറില്‍ നിന്നും മൂന്നുപേര്‍ വീതവും ജാര്‍ഖണ്ഡ്, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും കേരളത്തിന് പുറമെ അസം, ഛണ്ഡീഗഡ്, ഡല്‍ഹി, ഹരിയാന, മേഘാലയ, തെലുങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ വനിതകള്‍ വീതവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com