രാഹുല്‍ ടീം ഇടതു സ്വാധീനത്തില്‍; പുല്‍വാമയിലെ മൗനം തിരിച്ചടിയായി; കോണ്‍ഗ്രസില്‍ വിമര്‍ശനം

രാഹുല്‍ ടീം ഇടതു സ്വാധീനത്തില്‍; പുല്‍വാമയിലെ മൗനം തിരിച്ചടിയായി; കോണ്‍ഗ്രസില്‍ വിമര്‍ശനം
കഴിഞ്ഞ ദിവസം ചേര്‍ന്ന എഐസിസി പ്രവര്‍ത്തക സമിതി യോഗത്തിനിടെ രാഹുലും സോണിയയും- പിടിഐ
കഴിഞ്ഞ ദിവസം ചേര്‍ന്ന എഐസിസി പ്രവര്‍ത്തക സമിതി യോഗത്തിനിടെ രാഹുലും സോണിയയും- പിടിഐ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ടീം ഇടതു സ്വാധീനത്തിലാണെന്നും തെരഞ്ഞെടുപ്പു തിരിച്ചടിക്ക് അതു കാരണമായിട്ടുണ്ടെന്നും പാര്‍ട്ടിയില്‍ വിമര്‍ശനം. കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളാണ് ഈ വിമര്‍ശനം മുന്നോട്ടുവയ്ക്കുന്നത്. പാര്‍ട്ടിയുടെ ദേശീയ മാധ്യമ കോര്‍ഡിനേറ്റര്‍ രചിത് സേഠ് പരസ്യമായിത്തന്നെ ഈ വാദമുയര്‍ത്തി.

രാഹുല്‍ ടീമിന്റെ ഇടതുപക്ഷ ചായ്‌വ് ദേശീയത ഉയര്‍ത്തിക്കാട്ടുന്നതിനു തടസമായിട്ടുണ്ടെന്നാണ് വിമര്‍ശനം. രചിത് സേഠ് ഇക്കാര്യം ബ്ലോഗിലൂടെ ഉന്നയിച്ചു. പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കുന്നതില്‍നിന്നു ഈ സംഘമാണ് രാഹുലിനെ തടഞ്ഞത് എന്നാണ് സേഠ് ആരോപിക്കുന്നത്. പുല്‍വാമ വിഷയത്തില്‍ രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്താതിരുന്നത് ഇതുകൊണ്ടാണ്. ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഹുല്‍ വ്യക്തമായ നിലപാടു സ്വീകരിച്ചിരുന്നില്ല. ചുറ്റുമുള്ള ഇടത് അനുകൂലികളാണ് ഇത്തരമൊരു സാഹചര്യമൊരുക്കിയതെന്ന് സേഠ് കുറ്റപ്പെടുത്തുന്നു. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് പിന്നീട് പിന്‍വലിച്ചു. 

ഒപ്പമുള്ളവര്‍ കൃത്യമായ വിവരങ്ങള്‍ രാഹുലിനു നല്‍കിയിരുന്നില്ലെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ന്യായ് പദ്ധതിയെക്കുറിച്ചു വിവരങ്ങള്‍ താഴെത്തട്ടില്‍വരെ എത്തിയിട്ടുണ്ടെന്നാണ് ഡാറ്റ അനലിറ്റിക്‌സ് മേധാവി പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞുകൊണ്ടിരുന്നത്. റഫേല്‍ വിഷയത്തില്‍ രാഹുല്‍ ഉയര്‍ത്തി അഴിമതി ആരോപണം ജനങ്ങള്‍ ഏറ്റെടുത്തതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും വസ്തുതകളായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കൃത്യമായ വസ്തുതകള്‍ സമയാസമയത്ത് രാഹുലിന് ലഭ്യമാക്കിയിരുന്നെങ്കില്‍ അതനുസരിച്ച് പ്രചാരണത്തിന്റെ ഊന്നല്‍ നിശ്ചയിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നുവെന്നാണ് ഈ നേതാക്കള്‍ പറയുന്നത്.

അതിനിടെ നേതൃസ്ഥാനത്തുനിന്ന് രാഹുലിന്റെ രാജി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനും അതുവരെ താന്‍ തുടരാന്‍ തയാറാണെന്നും രാഹുല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com