ബിജെപി അധ്യക്ഷന്‍ അമിത് ഷായും മന്ത്രിസഭയിലേക്ക്; സ്ഥിരീകരണം

ദിവസം മുഴുവന്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ബിജെപി ഗുജറാത്ത് ഘടകം അധ്യക്ഷന്‍ ജിത്തു വഘാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
നരേന്ദ്രമോദിയും അമിത് ഷായും വാജ്‌പേയി സമാധിയില്‍- പിടിഐ
നരേന്ദ്രമോദിയും അമിത് ഷായും വാജ്‌പേയി സമാധിയില്‍- പിടിഐ

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗമാവും. ദിവസം മുഴുവന്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ബിജെപി ഗുജറാത്ത് ഘടകം അധ്യക്ഷന്‍ ജിത്തു വഘാനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മന്ത്രിസഭയില്‍ അംഗമാവുന്നതിന് അമിത് ഷായെ അഭിനന്ദിച്ച് വഘാനി ട്വീറ്റ് ചെയ്തു.

അമിത് ഷാ സര്‍ക്കാരിന്റെ  ഭാഗമാവുമോയെന്ന കാര്യത്തില്‍ ബിജെപി നേതാക്കള്‍ വൈകുന്നേരം വരെ വ്യക്തത വരുത്തിയിരുന്നില്ല. ഷാ മന്ത്രിസഭയില്‍ ഉണ്ടാവുമെന്നും ആഭ്യന്തരമോ ധനകാര്യമോ ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പു കൈകാര്യം ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായ വാര്‍ത്തകളാണ് വ്യാഴാഴ്ച രാവിലെ മുതല്‍ പുറത്തുവന്നത്. ഷാ മന്ത്രിസഭയില്‍ ചേരില്ലെന്നും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു തുടരാനാണ് അദ്ദേഹത്തിനു താത്പര്യമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോര്‍ട്ടുകള്‍ വന്നു. വൈകിട്ടു നാരലയോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി വഘാനിയുടെ ട്വീറ്റ് വന്നത്.

അരുണ്‍ ജയ്റ്റ്‌ലി ഒഴികെ കഴിഞ്ഞ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇക്കുറിയും തുടരുമെന്നതിന് സ്ഥിരീകരണമായിട്ടുണ്ട്.  രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, പിയൂഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍, പ്രകാശ് ജാവഡേക്കര്‍, രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, സ്മൃതി ഇറാനി എന്നിവര്‍ പട്ടികയിലുണ്ട്. സദാനന്ദ ഗൗഡ, ഗജേന്ദ്ര സിങ് ഷെഖാവത്, മുഖ്താര്‍ അബ്ബാസ് നഖ്വി, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, തന്‍വര്‍ ചന്ദ് ഗെലോട്ട്, ദീലീപ് ഘോഷ്, ജിതേന്ദ്ര സിങ്, പുരുഷോത്തം റുപാല എന്നിവരും ഇന്നു സത്യപ്രതിജ്ഞ ചെയ്യും. 

ബിജെപി സഖ്യകക്ഷികളായ ശിവസേന, ജെഡിയു, എഐഎഡിഎംകെ, എല്‍ജെപി, അകാലി ദള്‍, അപ്‌ന ദള്‍ എന്നിവര്‍ക്കും സര്‍ക്കാരില്‍ പ്രാതിനിധ്യമുണ്ടാവും. സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതമാവും നല്‍കുക.

ശിവസേനയില്‍നിന്ന് അരവിന്ദ് സാവന്ത് മന്ത്രിയാവുമെന്ന് വ്യക്തമായിട്ടുണ്ട്. അകാലിദളില്‍നിന്ന് വീണ്ടും ഹര്‍സിമ്രത് ബാദല്‍ ആയിരിക്കും മന്ത്രിസഭയില്‍ എത്തുക. ലോക്ജനശക്തി പാര്‍ട്ടിയില്‍നിന്ന് രാംവിലാസ് പാസ്വാനും അപ്‌ന ദളില്‍ നിന്ന് അനുപ്രിയ പട്ടേലും മന്ത്രിമാരാവും. രാംനാഥ് താക്കൂര്‍, സന്തോഷ് ഖുശാവ എന്നിവര്‍ ആയിരിക്കും ജെഡിയു മന്ത്രിമാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com