ആറ് വർഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങൾ കുറഞ്ഞു; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞതായി പഠനം
ആറ് വർഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങൾ കുറഞ്ഞു; സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം

ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞതായി പഠനം. അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സസ്റ്റെയ്‌നബിള്‍ എംപ്ലോയ്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ സന്തോഷ് മെഹ്റോത്രയും പഞ്ചാബ് കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപിക ജജതി കെ പരിദയും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011-12 നും 2017- 18 നുമിടയില്‍ രാജ്യത്തു 90 ലക്ഷം തൊഴില്‍ കുറഞ്ഞുവെന്ന് പഠനത്തിൽ പറയുന്നു. 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണു തൊഴിലവസരങ്ങളുട കാര്യത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഹിമാന്‍ഷു പോലുള്ളവര്‍ ഇക്കാര്യം നേരത്തെ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ആദ്യ ഔദ്യോഗിക പഠനമാണ് സന്തോഷ് മെഹ്റോത്രയുടെയും ജജതി കെ പരിദയുടെയും.

അതേസമയം രാജ്യത്ത് 24 ദശലക്ഷം തൊഴിലസരങ്ങള്‍ വര്‍ധിച്ചതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിയോഗിച്ച ലവീഷ് ഭണ്ഡാരിയും അമരേഷ് ദുബെയും ചേര്‍ന്ന് അടുത്തിടെ നടത്തിയ പഠനം അവകാശപ്പെട്ടിരുന്നു. 2011-12ലെ 433 ദശലക്ഷത്തില്‍ നിന്ന് 2017-18ല്‍ 457 ദശലക്ഷമായി തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവെന്നായിരുന്നു ഇവരുടെ പഠനം വ്യക്തമാക്കിയത്. എന്നാൽ 2011-12ല്‍ 474 ദശലക്ഷമുണ്ടായിരുന്ന തൊഴിലവസരങ്ങള്‍ 2017-18 ല്‍ 465 ദശലക്ഷമായി കുറഞ്ഞുവെന്നാണു സന്തോഷ് മെഹ്റോത്രയും ജജതി കെ പരിദയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. 

നേരത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഹിമാന്‍ഷു ഓഗസ്റ്റ് ഒന്നിന് മിന്റിലെഴുതിയ ലേഖനത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് 1.5 കോടി തൊഴിലവസരങ്ങള്‍ കുറഞ്ഞതായി അഭിപ്രായപ്പെട്ടിരുന്നു. 2011-12 ലെ 472.5 ദശലക്ഷത്തില്‍ നിന്നു തൊഴിലവസരങ്ങള്‍ 2017-18ല്‍ 457 ദശലക്ഷമായി കുറഞ്ഞു. അതായത്, ഓരോ വര്‍ഷവും 2.6 ദശലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു ഹിമാൻഷു ലേഖനത്തിൽ വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com