കര്‍താര്‍പുര്‍ ഗുരുദ്വാര സ്ഥിതി ചെയ്യുന്ന ജില്ലയില്‍ ഭീകരക്യാംപുകള്‍ സജീവം ; സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം ; മുന്നറിയിപ്പുമായി ബിഎസ്എഫ്

പാക് പഞ്ചാബ് പ്രവിശ്യയിലെ, നരോവാള്‍, മുരിഡ്‌കെ, ഷക്കര്‍ഗഡ് എന്നിവിടങ്ങളിലാണ് ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്
കര്‍താര്‍പുര്‍ ഗുരുദ്വാര സ്ഥിതി ചെയ്യുന്ന ജില്ലയില്‍ ഭീകരക്യാംപുകള്‍ സജീവം ; സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം ; മുന്നറിയിപ്പുമായി ബിഎസ്എഫ്

ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന ജില്ലയില്‍ ഭീകരപരിശീലന ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നരോവല്‍ ജില്ലയിലാണ് കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാര. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കായി കര്‍താര്‍പുര്‍ ഇടനാഴി തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ബിഎസ്എഫ് ഇക്കാര്യം പുറത്തുവിട്ടത്.

പാക് പഞ്ചാബ് പ്രവിശ്യയിലെ, നരോവാള്‍, മുരിഡ്‌കെ, ഷക്കര്‍ഗഡ് എന്നിവിടങ്ങളിലാണ് ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നാണ് ബിഎസ്എഫ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ഈ മാസം ഒമ്പതിനാണ് കതാര്‍പൂര്‍ ഇടനാഴിയുടെ ഇന്ത്യന്‍ ഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത്. അന്നുതന്നെ പാകിസ്ഥാന്‍ ഭാഗത്തെ ഇടനാഴിയും തുറന്നുകൊടുക്കും.

ഇന്ത്യയിലെ പഞ്ചാബില്‍ ഗുരുദാസ്പുര്‍ ജില്ലയിലുള്ള കര്‍താര്‍പുര്‍ സാഹിബ് ഗുരുദ്വാരയെ, പാകിസ്ഥാനിലെ നരോവലിലെ ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പുര്‍ ഇടനാഴി. ഈ ഇടനാഴി തുറക്കുന്നതോടെ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ അത് ഉപയോഗപ്പെടുത്താന്‍ സാധത്യയുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ആശങ്കയുണ്ട്. ഇടനാഴി തുറക്കുന്നതില്‍ പാക്കിസ്ഥാന്‍ കാട്ടിയ അമിത താല്‍പര്യവും സംശയത്തിനിടയാക്കിയിട്ടുണ്ട്. സിഖ് വികാരം ചൂഷണം ചെയ്ത് ഇന്ത്യയില്‍ ഖാലിസ്ഥാന്‍ അജണ്ട ശക്തിപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 'സിഖ്‌സ് ഫോര്‍ ജസ്റ്റിസ്' എന്ന ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും നിരീക്ഷിച്ചുവരികയാണ്.

ഇന്ത്യന്‍ അതിര്‍ത്തിക്കിപ്പുറം നാലു കിലോമീറ്ററോളം പാക്ക് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്. പാക്കിസ്ഥാനി സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യവിരുദ്ധ നടപടികളും ലഹരിമരുന്നു കടത്തും നടത്താന്‍ സാധ്യതയുണ്ടെന്നാണു കരുതുന്നത്. പാക്കിസ്ഥാനി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതു നിരോധിക്കാന്‍ പഞ്ചാബ് പൊലീസിനോട് ആവശ്യപ്പെട്ടു. അടുത്തിടെ രാജസ്ഥാനിലെ ശ്രീഗംഗനഗര്‍ ജില്ലാ കലക്ടര്‍ പാക്ക് സിം ഉപയോഗിക്കുന്നതു നിരോധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com