അയോധ്യ കേസില്‍ വിധി നാളെ; ഉറ്റുനോക്കി രാജ്യം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക
അയോധ്യ കേസില്‍ വിധി നാളെ; ഉറ്റുനോക്കി രാജ്യം

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ കേസ് വിധി നാളെ. സുപ്രീം കോടതി അവധി ദിവസമായ ശനിയാഴ്ചയാണ് സുപ്രധാനമായ വിധി വരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. രാവിലെ പത്തേ മുപ്പതിനാണ് വിധി പ്രസ്താവം.

<

p> 

അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രശ്‌ന ബാധിത മേഖലകളില്‍ പൊലീസിനെ വിന്യസിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി.

യുപിയിലേക്ക് 4,000 അര്‍ധസൈനികരെ അയച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റെയില്‍വേ മന്ത്രാലയം എല്ലാ സോണുകളിലേക്കും ഏഴുപേജുള്ള സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്‌റ്റേഷനുകള്‍, പ്ലാറ്റ്‌ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധന നടത്തും.  മെട്രോ നഗരങ്ങളിലടക്കം 78 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടുതല്‍ കാവലൊരുക്കിയിട്ടുണ്ട്.  

റെയില്‍വേ സുരക്ഷാസേനാംഗങ്ങളുടെ അവധി റദ്ദാക്കി. ട്രെയിനുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍പേരെ വിന്യസിച്ചു. സ്‌കാനറുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയുടെ തകരാറുകള്‍ അടിയന്തരമായി തീര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള മേഖലകളിലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും റെയില്‍വേ നിരീക്ഷണമേര്‍പ്പെടുത്തി.
ആരാധനാലയങ്ങളിലെ സുരക്ഷ കൂട്ടി. അയോധ്യ ഉള്‍പ്പെടുന്ന മേഖലയില്‍ സമൂഹമാധ്യമ ഉപയോഗത്തിനടക്കം ഡിസംബര്‍ 28 വരെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. അയോധ്യയ്ക്ക് സമീപം അംബേദ്ക്കര്‍ നഗറില്‍ 8 കോളജുകളില്‍ യുപി സര്‍ക്കാര്‍ താല്‍ക്കാലിക ജയിലുകള്‍ സജ്ജമാക്കി. അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ തുടരും. ക്ഷേത്ര നിര്‍മാണത്തിനായി വിഎച്ച്പി 1990 മുതല്‍ തുടങ്ങിയ കല്‍പണികള്‍ നിര്‍ത്തിവ.ച്ചു.  നാട്ടുകാരായ 16,000 സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊലീസ് സുരക്ഷാസംഘം സജ്ജമാക്കിയിട്ടുണ്ട്.

നാള്‍വഴികള്‍

1528ല്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850ഓടെ.
1885 ജനുവരി 29 തര്‍ക്കം ആദ്യമായി കോടതികയറി. മഹന്ത് രഘുബര്‍ദാസ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫൈസാബാദ് സബ്‌കോടതി തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18ന്  ജില്ലാകോടതിയും നവംബര്‍ 1ന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളിയതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിച്ചു.

1949 ഓഗസ്റ്റ് 22 പള്ളിയില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടു. 1949 ഡിസംബര്‍ 29 തര്‍ക്കഭൂമി ജില്ലാ മജിസ്‌ട്രേറ്റ് ജപ്തി ചെയ്തു. ഇതിനെതിരെ 1950 ജനുവരി 16ന് ഗോപാല്‍ സിങ് വിഷാരദെന്ന ശ്രീരാമ ഭക്തന്‍ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി. അയോധ്യ തര്‍ക്കത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു. 1959ല്‍ സുന്നി വഖഫ് ബോര്‍ഡും 1961ല്‍ നിര്‍മോഹി അഖാഡയും  ഹര്‍ജി നല്‍കി.

1986 ജനുവരി 31, പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ അവസാനിച്ചത് 1992ലെ ഡിസംബര്‍ ആറിന് ബാബറി മസ്ജിദിന്റെ തകര്‍ക്കലില്‍.
1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതിക്ക് രാഷ്ട്രപതിയുടെ റഫറന്‍സും.
1994 ഒക്ടോബര്‍ 24, റഫറന്‍സിന് മറുപടി നല്‍കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി വിധി. വിഷയം അലഹബാദ് ഹൈക്കോടതിയിലേക്ക്. 2010 സെപ്റ്റംബര്‍ 30, തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഹൈക്കോടതി വിധി.
2010 മെയ് 9  വിധിക്ക് സുപ്രീംകോടതി സ്‌റ്റേ.  2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്.

2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്.  ചര്‍ച്ച പരാജയപ്പെട്ടതോടെ 2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം.
2019 ഒക്ടോബര്‍ 16 40 ദിവസത്തെ വാദംത്തിന് ശേഷം ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com