രണ്ടു കൈയും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവൂ; അഭിഭാഷകരോട് സുപ്രീം കോടതി

രണ്ടു കൈയും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവൂ; അഭിഭാഷകരോട് സുപ്രീം കോടതി
രണ്ടു കൈയും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവൂ; അഭിഭാഷകരോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായതില്‍ ഇരുപക്ഷത്തെയും കുറ്റപ്പെടുത്തി സുപ്രീം കോടതി. രണ്ടു കയ്യും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവു എന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസുകാര്‍ തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന അഭിഭാഷകരുടെ വാദം മുഖവിലയ്‌ക്കെടുക്കാന്‍ സുപ്രീം കോടതി തയാറായില്ല.

ഒഡിഷയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീം കോടതി ഡല്‍ഹിയിലെ സംഘര്‍ഷം പരാമര്‍ശിച്ചത്. ''ഒരു കൈ കൊണ്ട് ശബ്ദമുണ്ടാക്കാനാവില്ല. രണ്ടു കൂട്ടരുടെ ഭാഗത്തും പ്രശ്‌നമുണ്ട്. ഈ ഘട്ടത്തില്‍ കൂടുതലൊന്നും പറയുന്നില്ല.''- കോടതി പറഞ്ഞു.

ഡല്‍ഹിയിലെ പ്രശ്‌നം രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മാനന്‍ മിശ്ര സുപ്രീം കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനിടെ സംഘര്‍ഷത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ വെള്ളിയാഴ്ച പുറത്തുവന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സ്‌പെഷല്‍ കമ്മിഷണര്‍ സഞ്ജയ് സിങ്, അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഹരേന്ദര്‍ കുമാര്‍ സിങ് എന്നിവരെയാണ് സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയില്‍ നിന്നും ഇവരെ മാറ്റി. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ അഭിഭാഷകരും പൊലീസും ഏറ്റുമുട്ടിയത്. ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പൊലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവുമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഒരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും പ്രതിഷേധവുമായി രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com