ദളിതരുടെ വിവാഹത്തിന് ക്ഷേത്രം പൂട്ടിയിട്ട് മേല്‍ജാതിക്കാര്‍; ഒടുവില്‍ പൂട്ട് പൊളിച്ച് പൊലീസ് സുരക്ഷയില്‍ വിവാഹം

വിവാഹത്തിനായി ഇവര്‍ നേരത്തേ തന്നെ ക്ഷേത്രത്തില്‍ ഫീസ് അടച്ച് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, മുഹൂര്‍ത്ത സമയമായ 11ന് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു.
ദളിതരുടെ വിവാഹത്തിന് ക്ഷേത്രം പൂട്ടിയിട്ട് മേല്‍ജാതിക്കാര്‍; ഒടുവില്‍ പൂട്ട് പൊളിച്ച് പൊലീസ് സുരക്ഷയില്‍ വിവാഹം

ചെന്നൈ: ദളിത് യുവാവിന്റെയും യുവതിയുടെയും വിവാഹത്തിന് മേല്‍ജാതിക്കാര്‍ ക്ഷേത്രം പൂട്ടിയിട്ട സംഭവം വിവാദമായി. തുടര്‍ന്ന് പൊലീസും റവന്യൂ അധികൃതരും എത്തി പൂട്ട് പൊളിച്ചാണ് വിവാഹം നടത്തിയത്. സെന്ദുരയിലെ ചൊക്കനാഥപുരം ഗ്രാമത്തിലാണ് സംഭവം നടന്നത്. അരുണ്‍ സ്റ്റാലിന്‍- ദിവ്യ എന്നിവരുടെ വിവാഹത്തിന് മുന്നോടിയായാണ് പെരുമാള്‍ ക്ഷേത്രത്തിന്റെ ഗേറ്റ് മേല്‍ജാതിക്കാര്‍ പൂട്ടിയത്. നവംബര്‍ ഏഴിനായിരുന്നു വിവാഹം നടന്നത്. 

അരിയാലൂര്‍ പെരുമാള്‍ ക്ഷേത്രത്തിലായിരുന്നു ആദ്യം ഇവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, അതേ ദിവസം ക്ഷേത്രത്തില്‍ നിരവധി വിവാഹങ്ങള്‍ നടക്കുന്നതിനാല്‍ ചൊക്കനാഥപുരത്തെ പെരുമാള്‍ ക്ഷേത്രത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ആളുകളെ ക്ഷണിച്ച് ക്ഷണക്കത്ത് അച്ചടിക്കുകയും ചെയ്തു. 

വിവാഹത്തിനായി ഇവര്‍ നേരത്തേ തന്നെ ക്ഷേത്രത്തില്‍ ഫീസ് അടച്ച് ബുക്ക് ചെയ്തിരുന്നു. എന്നാല്‍, മുഹൂര്‍ത്ത സമയമായ 11ന് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവരുടെ ബന്ധുവായ ശശികുമാര്‍ പൊലീസിനെയും ജില്ല അധികൃതരെയും വിവരം അറിയിച്ചു. 

അഞ്ച് പൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഗേറ്റ് പൂട്ടിയത്. മൂന്ന് പൂട്ടുകളുടെ താക്കോല്‍ പൊലീസിന് ലഭിച്ചു. ബാക്കി രണ്ട് പൂട്ടുകള്‍ പൊളിച്ചാണ് അകത്തേക്ക് കയറിയത്. നൂറോളം പൊലീസുകാരുടെ സുരക്ഷാ വലയത്തിലാണ് ഒടുവില്‍ വിവാഹം നടന്നത്. 

വിവാഹത്തിന്റെ തലേന്ന് പ്രദേശത്തുള്ള മേല്‍ജാതിക്കാരാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. എന്നാല്‍, ഗ്രാമവാസികള്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുവാദമെന്നും ഇവര്‍ പുറത്തുനിന്നുള്ളവരായതിനാലാണ് ഗേറ്റ് പൂട്ടിയതെന്നും ഒരുവിഭാഗം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com