കാമുകനൊപ്പമുളള ചിത്രങ്ങളും ദൃശ്യങ്ങളും  പ്രതിശ്രുത വരന്; അയച്ചുകൊടുത്തത് പെണ്‍കുട്ടി, കല്യാണത്തലേന്ന് ട്വിസ്റ്റ് 

തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം നടക്കാതിരിക്കാന്‍ വധു ആസൂത്രണം ചെയ്ത ഉപായത്തില്‍ കല്യാണം മുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം നടക്കാതിരിക്കാന്‍ വധു ആസൂത്രണം ചെയ്ത ഉപായത്തില്‍ കല്യാണം മുടങ്ങി. ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കാമുകനെ കൊണ്ട് വരന് അയച്ചുകൊടുത്താണ് വിവാഹം മുടക്കിയത്.സംഭവം അറിഞ്ഞ പൊലീസ് കേസെടുക്കാതെ, ഇരുവരെയും താക്കീത് ചെയ്ത് പറഞ്ഞയച്ചു.

തമിഴ്‌നാട്ടിലെ എംജിആര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കല്യാണത്തിന് മുന്‍പുളള വിവാഹസത്കാര ചടങ്ങ് നടക്കുന്നതിനിടെയാണ് വധുവും ഒന്നിച്ചുളള ചിത്രങ്ങളും വീഡിയോയും വരന് കാമുകന്‍ അയച്ചുകൊടുത്തത്.ഉടന്‍ തന്നെ വധുവിന്റെ വീട്ടില്‍ വിളിച്ച് കല്യാണത്തില്‍ നിന്ന് പിന്മാറുന്നതായി വരന്റെ വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വധുവിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ വധുവും കാമുകനും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്ന്  തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇരുവരെയും വിളിച്ചുവരുത്തി പൊലീസ് താക്കീത് നല്‍കി വിട്ടയ്ക്കുകയായിരുന്നു.

വരന് ചിത്രങ്ങള്‍ അയച്ചുകൊടുത്ത സംഭവത്തിലും കല്യാണം വേണ്ടായെന്ന് തീരുമാനിച്ച വരന്റെ കുടുംബത്തിന്റെ തീരുമാനത്തിനെതിരെയുമാണ് വധുവിന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുതന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തില്‍ കാമുകനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് നേശപാക്കം സ്വദേശിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന കഥ പുറത്തുവരുകയായിരുന്നു. കാമുകിയുടെ നിര്‍ദേശപ്രകാരമാണ് ചിത്രങ്ങളും വീഡിയോയും വരന് അയച്ചുകൊടുത്തതെന്ന് യുവാവിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു. 

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വധുവിന്റെ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നതായും യുവാവ് പറയുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവവാഹം മാതാപിതാക്കള്‍ നിശ്ചയിക്കുകയായിരുന്നു. അതിനിടെയാണ് കല്യാണം മുടങ്ങാന്‍ പദ്ധതി ആസൂത്രണം ചെയ്തതെന്ന് നേശപാക്കം സ്വദേശി പൊലീസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com