യോഗി ആദിത്യനാഥിനെതിരെ ആളിക്കത്തി കര്‍ഷകപ്രക്ഷോഭം; വനിതകളെ തല്ലിച്ചതച്ചു; വീഡിയോ

ഉത്തര്‍പ്രദേശിലെ ട്രാന്‍സ് ഗംഗാ സിറ്റി പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കര്‍ഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലായി.
യോഗി ആദിത്യനാഥിനെതിരെ ആളിക്കത്തി കര്‍ഷകപ്രക്ഷോഭം; വനിതകളെ തല്ലിച്ചതച്ചു; വീഡിയോ


ലക്‌നൗ:  ഉത്തര്‍പ്രദേശിലെ ട്രാന്‍സ് ഗംഗാ സിറ്റി പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കര്‍ഷകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലായി. പ്രതിഷേധക്കാരുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതോടെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്കറ്റു. നിര്‍മാണത്തിനായി എത്തിച്ച യന്ത്രങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു.പ്രദേശത്തെ പവര്‍ സ്‌റ്റേഷനിലേക്കുള്ള പൈപ്പ് ലൈനിനും പ്രക്ഷോഭകര്‍ തീയിട്ടു.

സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. ലഖ്‌നൗവില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ട്രാന്‍സ് ഗംഗ സിറ്റി സര്‍ക്കാര്‍ വികസിപ്പിക്കാനൊരുങ്ങുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബലപ്രയോഗത്തിലൂടെയാണ് പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുത്തതെന്നും കര്‍ഷകര്‍ ആരോപിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അവര്‍ പറയുന്നു.

അതേസമയം, ആക്രമണം നടത്തിയ കര്‍ഷകര്‍ക്കു നേരെയാണു ലാത്തിവീശിയതെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിരോധിക്കാന്‍ വേറെ മാര്‍ഗമുണ്ടായിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. കര്‍ഷകരുടെ ആക്രമണത്തില്‍ എസ്പി അടക്കം ഏഴു പൊലീസുകാര്‍ക്കു സാരമായി പരുക്കേറ്റതായും അദ്ദേഹം അറിയിച്ചു.

പൊലീസ് ലാത്തിച്ചാര്‍ജിന്റെ വീഡിയോ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവരെ പൊലീസ് ഓടിച്ചിട്ട് തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞുവെന്നാണ് യു.പി വ്യവസായ വികസന അതോറിറ്റി അധികൃതര്‍ അവകാശപ്പെടുന്നത്. സ്മാര്‍ട്ട് സിറ്റി നിര്‍മാണം തടസപ്പെടുത്താന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും കര്‍ഷകരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ട്രാന്‍സ് ഗംഗാ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com