'പാതിരാത്രികളില്‍ സ്വാമിജിക്ക് വേണ്ടി വീഡിയോ ചെയ്യിപ്പിച്ചു'; നിത്യാനന്ദയുടെ ആശ്രമത്തില്‍ അനുഭവിച്ചത് കൊടിയ പീഡനം; പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തല്‍

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യനാന്ദയുടെ ആശ്രമത്തില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് രക്ഷപ്പെടുത്തിയ പതിനഞ്ചുവയസ്സുകാരിയുടെ വെളിപ്പെടുത്തല്‍.
'പാതിരാത്രികളില്‍ സ്വാമിജിക്ക് വേണ്ടി വീഡിയോ ചെയ്യിപ്പിച്ചു'; നിത്യാനന്ദയുടെ ആശ്രമത്തില്‍ അനുഭവിച്ചത് കൊടിയ പീഡനം; പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തല്‍

സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യനാന്ദയുടെ ആശ്രമത്തില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് രക്ഷപ്പെടുത്തിയ പതിനഞ്ചുവയസ്സുകാരിയുടെ വെളിപ്പെടുത്തല്‍. മക്കളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന് നിത്യാനന്ദയ്ക്ക് എതിരെ കേസു കൊടുത്ത ബെംഗളൂരു സ്വദേശി ജനാര്‍ദ്ദന്‍ ശര്‍മ്മയുടെ മൂന്നു മക്കളില്‍ ഒരാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

2013ലാണ് കുട്ടി ആശ്രമത്തിലെ ഗുരുകുലത്തില്‍ ചേരുന്നത്. ആദ്യസമയത്ത് പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നും 2017ഓടെ അന്തരീക്ഷം മാറിയെന്നും കുട്ടി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

സ്വമിയുടെ പ്രൊമോഷന്‍ ജോലികള്‍ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു എന്നും ലക്ഷക്കണക്കിന് രൂപയാണ് ഡൊണേഷനായി പിരിച്ചു നല്‍കിയതെന്നും കുട്ടി പറഞ്ഞു. മൂന്നു മുതല്‍ എട്ടുലക്ഷം രൂപ വരെയാണ് പിരിച്ചു നല്‍കിയത്. 

'പാതിരാത്രികളില്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി സ്വാമിജിക്ക് വേണ്ടി വീഡിയോകള്‍ ചെയ്യിക്കുമായിരുന്നു. അധികം ആഭരണങ്ങള്‍ ധരിക്കാനും കൂടുതല്‍ മേക്കപ്പ് ഇടാനും നിര്‍ബന്ധിച്ചു. എന്റെ സഹോദരിക്ക് അവിടെനിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല. സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് എന്റെ സഹോദരി ഇതെല്ലാം ചെയ്തത്, അതിന് ഞാന്‍ സാക്ഷിയാണ്. ഞങ്ങളുടെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിക്കാനും അവര്‍ ആവശ്യപ്പെട്ടു. എന്നോടും ഇതെല്ലാം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ നിരാകരിച്ചു'-കുട്ടി പറഞ്ഞു. 

അധ്യാത്മിക കാര്യങ്ങള്‍ക്ക് എന്ന പേരില്‍ തന്നെ രണ്ടുമാസം മുറിക്കുള്ളില്‍ പൂട്ടിയിട്ടു എന്നും കുട്ടി പറഞ്ഞു. തന്റെ മകളെ നിത്യാന്ദ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടവിലാക്കിയിരിക്കുകയാണ് എന്ന് കാട്ടി പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പുരോഗമിക്കുന്നുണ്ടെന്നും സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി. 

അതേസമയം, നിത്യാനന്ദ രാജ്യം വിട്ടുവെന്നാണ് സൂചന. നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി വ്യാഴാഴ്ച ഗുജറാത്ത് പൊലീസ് ആണ് സൂചിപ്പിച്ചത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, യോഗിനി സര്‍വജ്യപീഠം എന്ന ആശ്രമത്തില്‍ ആളുകളെ തടവില്‍ വച്ച ശേഷം അവരില്‍ നിന്നും പണം വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ നിത്യാനന്ദയെ കസ്റ്റഡിയില്‍ എടുക്കാന്‍ ഗുജറാത്ത് പൊലീസ് നീക്കം ശക്തമാക്കുന്നതിനിടെയാണ് വിവാദ ആള്‍ദൈവം രാജ്യം വിട്ടത്.

നിത്യാനന്ദ കരീബിയന്‍ ദ്വീപുസമൂഹമായ ട്രിനിഡാഡ് ആന്റ് ടുബാഗോയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിത്യാനന്ദയുടെ അഹമ്മദാബാദിലെ അശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുയായികളില്‍ നിന്ന് സംഭാവന ശേഖരിക്കാനാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

നിത്യാനന്ദയ്‌ക്കെതിരായ തെളിവുകള്‍ ശേഖരിച്ചുവരികയായിരുന്നു പൊലീസ്. കേസില്‍ നിത്യാനന്ദയുടെ ശിഷ്യരായ സാധ്വി പ്രാണ്‍പ്രിയാനന്ദ, പ്രിയതത്വ റിദ്ദി കിരണ്‍ എന്നീ സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി ഫ്‌ലാറ്റില്‍ താമസിപ്പിച്ചതിനും ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ ശേഖരിക്കനായി ഇവരെക്കൊണ്ട് ബാലവേല ചെയ്യിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

തന്റെ 12 വയസ്സുകാരനായ മകനെയും 15ഉം 19ഉം പ്രായമായ പൈണ്‍ മക്കളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണ് എന്നായിരുന്നു ജനാര്‍ദന്‍ ശര്‍മയുടെ പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com