അയോധ്യ: പുനപ്പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

പള്ളി നിര്‍മിക്കുന്നതിനായി സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ലെന്ന് ചെയര്‍മാന്‍
അയോധ്യ: പുനപ്പരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ്

ലക്‌നൗ: അയോധ്യാ ഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കേണ്ടതില്ലെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തീരുമാനം. അയോധ്യയില്‍ പള്ളി നിര്‍മിക്കുന്നതിനായി സുപ്രീം കോടതി നിര്‍ദേശിച്ച അഞ്ച് ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ലെന്ന് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി അറിയിച്ചു.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്ര നിര്‍മാണത്തിനായി ഹിന്ദു കക്ഷികള്‍ക്കു നല്‍കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പള്ളി നിര്‍മിക്കുന്നതിനായി സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും അഞ്ച് അംഗം ഭരണഘടനാ ബെഞ്ച് വിധിയില്‍ നിര്‍ദേശിച്ചിരുന്നു. വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കുന്നതു സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നേതാക്കളില്‍നിന്നു ഭിന്നാഭിപ്രായമാണ് പുറത്തുവന്നത്. ഈ പശ്ചാത്തലത്തില്‍ ഇന്നു ചേര്‍ന്ന യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു.

ബോര്‍ഡിലെ എട്ട് അംഗങ്ങളില്‍ ഏഴു പേരും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തവരില്‍ ആറു പേരും പുനപ്പരിശോധനാ ഹര്‍ജി നല്‍കേണ്ടെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചതെന്ന് ഫാറൂഖി വ്യക്തമാക്കി. 

ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അംഗങ്ങളുടെ നിലപാട്. ഇക്കാര്യത്തില്‍ ശരിയത് അനുസരിച്ചു മാത്രമേ തീരുമാനമെടുക്കാനാവൂ എന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com