പ്രജ്ഞ ഭീകരവാദി തന്നെ; അതിന്റെ പേരില്‍ നടപടി നേരിടാന്‍ തയാറെന്ന് രാഹുല്‍ 

ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
പ്രജ്ഞ ഭീകരവാദി തന്നെ; അതിന്റെ പേരില്‍ നടപടി നേരിടാന്‍ തയാറെന്ന് രാഹുല്‍ 

ന്യൂഡല്‍ഹി: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിന്റെ പേരില്‍ എന്തു നടപടി നേരിടാനും തയാറാണെന്ന് രാഹുല്‍ പറഞ്ഞു.

''പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, എ്ന്താണ് പറഞ്ഞത് അതില്‍നിന്നു മാറ്റമില്ല.'' പ്രജ്ഞാ സിങ്ങിനെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി രാഹുല്‍ പറഞ്ഞു. പ്രജ്ഞാസിങ് ഠാക്കൂര്‍ നാഥുറാം ഗോഡ്‌സെയെപ്പോലെ അക്രമത്തിലാണ് വിശ്വസിക്കുന്നതെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു. 

പ്രജ്ഞയെ ഭീകരവാദിയെന്നു വിളിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് ബിജെപി അംഗം ആവശ്യപ്പെട്ടിട്ടുള്ളത് ചൂണ്ടിക്കാട്ടിയപ്പോള്‍, അവര്‍ എന്തു വേണമെങ്കിലും ചെയ്യട്ടെ എന്നായിരുന്നു രാഹുലിന്റെ മറുപടി.

ഗോഡ്‌സെയെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ആരുടെയെങ്കിലും വികാരങ്ങളെ വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നതായി ബിജെപി അംഗം പ്രജ്ഞാ സിങ് ഠാക്കൂര്‍ ലോക്‌സഭയില്‍ ആവര്‍ത്തിച്ചു. രാവിലെ ഖേദപ്രകടനം നടത്തിയെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നപ്പോള്‍ സ്പീക്കര്‍ കക്ഷി നേതാക്കളുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രജ്ഞ മാപ്പു പറഞ്ഞത്. 

മഹാത്മാ ഗാന്ധി രാഷ്ട്രത്തിനു നല്‍കിയ സംഭാവനകളെ താന്‍ മാനിക്കുന്നുണ്ടെന്ന് പ്രജ്ഞാ സിങ് പറഞ്ഞു. സഭയിലെ ഒരു അംഗം തന്നെ ഭീകരവാദി എന്നു വിശേഷിപ്പിച്ചു. അതു തന്റെ അന്തസ്സിനു നേരെയുണ്ടായ ആക്രമണമാണ്. തനിക്കെതിരെയുള്ള ഒരു കുറ്റാരോപണവും ഇതുവരെ കോടതിയില്‍ തെളിയിക്കാനായിട്ടില്ലെന്ന് പ്രജ്ഞാ സിങ് ചൂണ്ടിക്കാട്ടി. 

ഗോഡ്‌സെ ദേശഭക്തന്‍ ആയിരുന്നെന്ന പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് പ്രജ്ഞാ സിങ്ങിന്റെ വിശദീകരണം. പ്രജ്ഞയുടെ പരാമര്‍ശം നേരത്തെ ബിജെപി തള്ളിയിരുന്നു. ഇത്തരം ആശയങ്ങള്‍ ബിജെപിയുടേത് അല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. ഗോഡ്‌സെ സ്തുതിയെത്തുടര്‍ന്ന് പ്രജ്ഞാ സിങ്ങിനെ പാര്‍ലമെന്ററി സമിതികളില്‍നിന്നു നീക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com