നവ്‌ലഖെയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും അഞ്ചാമത്തെ ജഡ്ജിയും പിന്മാറി ; കേസ് വീണ്ടും പുതിയ ബെഞ്ചിലേക്ക്

ജസ്റ്റിസ് ഭട്ട് പിന്മാറിയതോടെ പുതിയ ജഡ്ജിയെ ഉള്‍പ്പെടുത്തി ബെഞ്ച് രൂപീകരിച്ച് സുപ്രിംകോടതി കേസ് നാളെ പരിഗണിക്കും
ജസ്റ്റിസ് ഭട്ട്, ഗൗതം നവ്‌ലഖെ
ജസ്റ്റിസ് ഭട്ട്, ഗൗതം നവ്‌ലഖെ

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്നും സുപ്രിംകോടതിയിലെ അഞ്ചാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് രവീന്ദ്ര ഭട്ടാണ് ഇന്ന് പിന്മാറിയത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്ര ഭട്ട് എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുമ്പാകെയാണ് കേസ് വന്നത്. ജസ്റ്റിസ് ഭട്ട് പിന്മാറിയതോടെ പുതിയ ജഡ്ജിയെ ഉള്‍പ്പെടുത്തി ബെഞ്ച് രൂപീകരിച്ച് സുപ്രിംകോടതി കേസ് നാളെ പരിഗണിക്കും. 

കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ ഗൗതം നവ്‌ലഖയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഗൗതത്തിന് നിരോധിത നക്‌സല്‍ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് എഫ്‌ഐആറില്‍ കുറ്റപ്പെടുത്തിയിരുന്നത്. 

നേരത്തെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവ്‌ലഖ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പൊലീസ് എഫ്‌ഐആര്‍ റദ്ദാക്കാന്‍ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. 

പൂനെ പൊലീസിന്റെ കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിവെച്ച ബോംബെ കോടതി, പൊലീസിന് ലഭിച്ച ചില തെളിവുകള്‍ ഇത് സാധൂകരിക്കുന്നതാണെന്നും സൂചിപ്പിച്ചിരുന്നു. നിരോധിത സിപിഐ മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ഗൗതം നവ്‌ലഖെ കത്തിടപാടുകള്‍ നടത്തിയിരുന്നുവെന്നാണ് പൊനെ പൊലീസ് എഫ്‌ഐറില്‍ വ്യക്തമാക്കിയിരുന്നത്. 

എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നവ്‌ലഖെയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തിങ്കളാഴ്ച പിന്മാറിയിരുന്നു. ഇതിന് പിന്നാലെ ജസ്റ്റിസുമാരായ എന്‍വി രമണ, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്. 

ഗൗതം നവ്‌ലഖെയ്ക്ക് വേണ്ട മുതിര്‍ന്ന ആഭിഭാഷകനായ മനു അഭിഷേക് സിങ്വിയും നിത്യ രാമകൃഷ്ണനുമാണ് ഹാജരായത്. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി നിഷാന്ത് കത്‌നേശ്വാര്‍ക്കറും ഹാജരായി. ഭീമ കൊറേഗാവ് കേസില്‍ ഗൗതം നവ്‌ലഖെയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ബോംബൈ ഹൈക്കോടതി നല്‍കിയ പരിരക്ഷ നാളെ അവസാനിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com