ഹണിട്രാപ്പ്; നിര്‍ണായക ഡയറി കണ്ടെത്തി; കൂടുതല്‍ പ്രമുഖര്‍ കുടുങ്ങും; 96 വീഡിയോ പിടിച്ചെടുത്തു

പ്രത്യേക അന്വേഷണ സംഘമാണു  നിര്‍ണായക തെളിവായേക്കാവുന്ന ഡയറി പിടിയിലായ യുവതിയില്‍നിന്നു കണ്ടെത്തിയത്
ഹണിട്രാപ്പ്; നിര്‍ണായക ഡയറി കണ്ടെത്തി; കൂടുതല്‍ പ്രമുഖര്‍ കുടുങ്ങും; 96 വീഡിയോ പിടിച്ചെടുത്തു

ഭോപാല്‍:മേരാ പ്യാര്‍, വിഐപി, പന്‍ചീ... രാജ്യത്തെ ഏറ്റവും വലിയ പെണ്‍കെണിയായ മധ്യപ്രദേശിലെ തട്ടിപ്പില്‍ ഇരകളെ സൂചിപ്പിക്കാന്‍ ഡയറിയില്‍ കുറിച്ച രഹസ്യ കോഡുകളാണിവ. പ്രത്യേക അന്വേഷണ സംഘമാണു (എസ്‌ഐടി) നിര്‍ണായക തെളിവായേക്കാവുന്ന ഡയറി പിടിയിലായ യുവതിയില്‍നിന്നു കണ്ടെത്തിയത്.

ഡയറിക്കു പുറമേ, അറസ്റ്റിലായ യുവതിയുടെ ഭോപാലിലെ റിവേറയിലെ വീട്ടില്‍ നിന്ന് കൂടുതല്‍ വിഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്. പണം വാങ്ങിയതിന്റെ കണക്കുകളും ഒട്ടേറെ രാഷ്ട്രീയഉദ്യോഗസ്ഥ പ്രമുഖരുടെ പേരുകളും ഡയറിയിലുണ്ട്. അതിനിടെ, എസ്‌ഐടി തലവന്‍ സഞ്ജീവ് ഷമിയെ മധ്യപ്രദേശ് സര്‍ക്കാര്‍ ഇന്നലെ രാത്രിയോടെ നീക്കി. സൈബര്‍ സെല്‍ സ്‌പെഷല്‍ ഡയറക്ടര്‍ ജനറല്‍ രാജേന്ദ്ര കുമാറിനാണു പകരം ചുമതല. 9 ദിവസത്തിനിടെ എസ്‌ഐടിയിലെ രണ്ടാമത്തെ അഴിച്ചുപണിയാണിത്. 

അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവിന്റെ എന്‍ജിഒ സംഘടനയുടെ വിവരങ്ങളും ഡയറിയില്‍ നിന്നു ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു, രാഷ്ട്രീയ ഉന്നതരുടെയും എംപിമാരുടെയും മുന്‍ മന്ത്രിമാരുടെയും പേരുകള്‍ ഡയറിയില്‍ കണ്ടതും പരിശോധിച്ചു വരികയാണ്. ഡല്‍ഹിയില്‍ ഉന്നതപദവി വഹിക്കുന്ന മധ്യപ്രദേശിലെ പ്രമുഖ്യ വ്യക്തിയെയും പരാമര്‍ശിക്കുന്നു. നേരത്തെ ലഭിച്ച നാലായിരത്തോളം ഡിജിറ്റല്‍ ഫയലുകളും പരിശോധിക്കുന്നുണ്ട്. 

പെണ്‍വാണിഭ സംഘം തന്നെ ഭീഷണിപ്പെടുത്തി 3 കോടി രൂപ ആവശ്യപ്പെട്ടതായുള്ള ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്‍ജിനീയര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പരാതിയാണു ഏതാനും വര്‍ഷമായി നടന്നുവരുന്ന പെണ്‍കെണിയുടെ ചുരുളഴിച്ചത്. തുടര്‍ന്നു സംഘത്തിലെ പ്രധാനിയായ ശ്വേത സ്വപ്ന ജെയിന്‍, ആരതി ദയാല്‍ ഉള്‍പ്പെടെ 5 യുവതികള്‍ അറസ്റ്റിലാവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com