പ്രധാനമന്ത്രിയ്ക്ക് കത്തയച്ച പ്രമുഖര്‍ രാജ്യദ്രോഹികളല്ല; കേസ് റദ്ദാക്കാന്‍ തീരുമാനം

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 പ്രമുഖര്‍ക്കെതിരെ എടുത്ത കേസാണ് ബിഹാര്‍ പോലീസ് റദ്ദാക്കുന്നത്
പ്രധാനമന്ത്രിയ്ക്ക് കത്തയച്ച പ്രമുഖര്‍ രാജ്യദ്രോഹികളല്ല; കേസ് റദ്ദാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ജയ് ശ്രീറാം വിളി കൊലവിളിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയ സാമൂഹിക ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കും. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 പ്രമുഖര്‍ക്കെതിരെ എടുത്ത കേസാണ് ബിഹാര്‍ പോലീസ് റദ്ദാക്കുന്നത്. പരാതി വ്യാജമെന്ന് തെളിഞ്ഞതോടെയാണ് നടപടി. 

സുധീര്‍ ഓജ എന്ന അഭിഭാഷകന്റെ പരാതിയിലായിരുന്നു പ്രമുഖര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.  വ്യാജപരാതി നല്‍കിയതിന് ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തു. പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണു സുധീര്‍ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് കത്തെഴുതിയ പ്രമുഖര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. 

എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യപ്, ചലച്ചിത്ര പ്രവര്‍ത്തകരായ രേവതി, അപര്‍ണാ സെന്‍ തുടങ്ങി വിവിധ മേഖലകളിലെ 49 പ്രമുഖ വ്യക്തികള്‍ കത്തില്‍ ഒപ്പിട്ടിരുന്നു. ജയ് ശ്രീറാം പോര്‍വിളിയായി മാറിയെന്നും മുസ്‌ലിങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ചു ജൂലൈയിലാണു പ്രധാനമന്ത്രിക്കു കത്തയച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com