ഭാര്യയുമായി സൗഹൃദം സ്ഥാപിക്കണം, ഐടി ഉദ്യോഗസ്ഥനെ ഒഴിവാക്കാന്‍ കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു; സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തന്ത്രപൂര്‍വ്വം കുടുക്കി പൊലീസ്, ട്വിസ്റ്റ് 

ഐടി ഉദ്യോഗസ്ഥന്റെ കാറില്‍ മനഃപൂര്‍വ്വം മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച കേസില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ തന്ത്രപൂര്‍വ്വം പിടികൂടി
ഭാര്യയുമായി സൗഹൃദം സ്ഥാപിക്കണം, ഐടി ഉദ്യോഗസ്ഥനെ ഒഴിവാക്കാന്‍ കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു; സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തന്ത്രപൂര്‍വ്വം കുടുക്കി പൊലീസ്, ട്വിസ്റ്റ് 

ന്യൂഡല്‍ഹി: ഐടി ഉദ്യോഗസ്ഥന്റെ കാറില്‍ മനഃപൂര്‍വ്വം മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച കേസില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ തന്ത്രപൂര്‍വ്വം പിടികൂടി. ഇതിന് സഹായിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ കൂട്ടുകാരനും അറസ്റ്റിലായി.

സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് ആര്‍ പി സിങ്, കൂട്ടുകാരനും അഭിഭാഷകനുമായ നീരജ് ചൗഹാന്‍ എന്നിവരെയാണ് വിശദമായ അന്വേഷണത്തിന് ഒടുവില്‍ പിടികൂടിയത്. കേന്ദ്രസര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ഐടി ഉദ്യോഗസ്ഥന്റെ കാറില്‍ മനഃപൂര്‍വ്വം മയക്കുമരുന്ന് ഒളിപ്പിച്ച് വച്ച്, അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 550 ഗ്രാം ഹാഷിഷാണ് കാറില്‍ നിന്ന് കണ്ടെത്തിയത്. ലോദി റോഡില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഓഫീസ് കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നുമാണ് ഇത് കണ്ടെടുത്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ആര്‍ പി സിങ്ങിന് ഐടി ഉദ്യോഗസ്ഥന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിക്കണം. ഐടി ഉദ്യോഗസ്ഥന്റെ ഭാര്യ രാജസ്ഥാനിലെ സര്‍ക്കാര്‍ ജീവനക്കാരിയാണ്. എന്നാല്‍ യുവതി സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. അതിനിടെയാണ് ഭര്‍ത്താവായ ഐടി ഉദ്യോഗസ്ഥനെ കുടുക്കാന്‍ സീനിയര്‍ കമാന്‍ഡന്റ് പദ്ധതിയിട്ടത്. കുട്ടിക്കാലം മുതലുളള കൂട്ടുകാരനായ നീരജ് ചൗഹാന്‍ സഹായിക്കാമെന്നേറ്റൂ.അലിഗഡില്‍ നിന്ന് മയക്കുമരുന്ന് സംഘടിപ്പിച്ച് നല്‍കിയത് നീരജ് ആണ്. 

സിഐഎസ്എഫില്‍ ഡെപ്യൂട്ടി ഇന്‍സ്്‌പെക്ടര്‍ ജനറല്‍ ലെവല്‍ ഓഫീസറായി ജോലി ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരമാണ് അന്വേഷണത്തിന്റെ തുടക്കം. കാറില്‍ മയക്കുമരുന്ന് കടത്തുന്നു എന്നായിരുന്നു രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തുടര്‍ന്ന് കാറിന്റെ ഉടമസ്ഥനായ ഐടി ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തി. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്ന് ഐടി ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡല്‍ഹി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് സിഐഎസ്എഫിനെ വിളിച്ച് രഹസ്യവിവരം നല്‍കിയ വ്യക്തിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ചുരുളഴിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഐടി ഉദ്യോഗസ്ഥനെ ആര്‍പി സിങ്ങും, നീരജും മനഃപൂര്‍വ്വം കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് തെളിഞ്ഞു.തുടര്‍ന്ന നടന്ന ചോദ്യം ചെയ്യലില്‍ ആര്‍ പി സിങ് കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. യുവതിയുമായി സൗഹൃദം സ്ഥാപിക്കാന്‍ ഐടി ഉദ്യോഗസ്ഥനെ ഒഴിവാക്കാന്‍ ്ശ്രമിച്ചതാണെന്ന് കുറ്റസമ്മതമൊഴിയില്‍ ആര്‍ പി സിങ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com