സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; പുതിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്

സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയും വാഗ്ദാനം
സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; പുതിയ വാഗ്ദാനവുമായി കോണ്‍ഗ്രസ്

ചണ്ഡിഗഢ്: സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം കൊണ്ടുവരുമെന്ന് ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം. സ്വകാര്യ മേഖലയിലും സംവരണം ബാധകമാക്കുമെന്ന് പാര്‍ട്ടി പുറത്തിറക്കിയ തെരഞ്ഞെടുപ്പു പ്രകടന പത്രിക പറയുന്നു. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്രയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പഞ്ചായത്തീരാജ് സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണം 50 ശതമാനമായി ഉയര്‍ത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്. അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുത്തള്ളും. പട്ടിക ജാതി വിഭാഗക്കാര്‍ക്കും അതി പിന്നാക്ക വിഭാഗങ്ങളില്‍ ഉള്ളവരുമായ വിദ്യാര്‍ഥികള്‍ക്ക് 12,000 രൂപ വാര്‍ഷിക സ്‌കോളര്‍ഷിപ്പായി നല്‍കും. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ഉള്ളവര്‍ക്ക് 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.

അധികാരത്തില്‍ എത്തിയാല്‍ പട്ടിക ജാതിക്കാര്‍ക്കായി കമ്മിഷന്‍ രൂപീകരിക്കുമെന്ന് പിസിസി അധ്യക്ഷ കുമാരി സെല്‍ജ പറഞ്ഞു. സ്ത്രീകള്‍ക്കു പ്രകടന പത്രികയില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com