ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ അനുമതി ; ജയിലിലെത്തി ചോദ്യം ചെയ്യാമെന്നും കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ നാളെ തീഹാര്‍ ജയിലിലെത്തി ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തും
ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ അനുമതി ; ജയിലിലെത്തി ചോദ്യം ചെയ്യാമെന്നും കോടതി

ന്യൂഡല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അനുമതി. പ്രത്യേക സിബിഐ കോടതിയാണ് അനുമതി നല്‍കിയത്. തിഹാര്‍ ജയിലിലെത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്. ഇതനുസരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ നാളെ തീഹാര്‍ ജയിലിലെത്തി ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തും. 

കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ വെച്ച് ചിദംബരത്തെ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കാമെന്നും ജഡ്ജി അജയ് കുമാര്‍ കുഹാര്‍ ഉത്തരവില്‍ വ്യക്തമാക്കി. കേസില്‍ ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിമാന്‍ഡില്‍ വേണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്നും, ഇക്കാര്യം ആവശ്യപ്പെട്ട് പിന്നീട് അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

എന്നാല്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ടെുക്കണമെന്ന തുഷാര്‍ മേത്തയുടെ ആവശ്യം ചിദംബരത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ സിബിഐ നേരത്തെ തന്നെ അറസ്റ്റ് ചെയ്തതാണ്. അതുകൊണ്ട് തന്നെ എന്‍ഫോഴ്‌സ്‌മെന്റിനും സമാനകേസില്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കരുതെന്ന് സിബല്‍ വാദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം ഈ മാസം 17 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com