വീട്ടിൽ നിന്നും വന്നുപോകുന്ന വിദ്യാർത്ഥി ഹോസ്റ്റൽ ഭക്ഷണം കഴിച്ചു; 20,000 രൂപ പിഴ ചുമത്തി സർവകലാശാല

സര്‍വകലാശാല കാന്റീനില്‍നിന്ന് അനധികൃതമായി ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ
വീട്ടിൽ നിന്നും വന്നുപോകുന്ന വിദ്യാർത്ഥി ഹോസ്റ്റൽ ഭക്ഷണം കഴിച്ചു; 20,000 രൂപ പിഴ ചുമത്തി സർവകലാശാല

ലഖ്‌നൗ: സര്‍വകലാശാല കാന്റീനില്‍നിന്ന് അനധികൃതമായി ഭക്ഷണം കഴിച്ച വിദ്യാര്‍ഥിക്ക് 20,000 രൂപ പിഴ ചുമത്തി ലഖ്‌നൗ സര്‍വകലാശാല. രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥി ആയുഷ് സിങ്ങിനെതിരെയാണ് കേട്ടുകേള്‍വിയില്ലാത്ത നടപടി.

ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സെന്‍ട്രല്‍ കാന്റീനില്‍നിന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. എന്നാല്‍ വീട്ടില്‍നിന്നും ദിവസവും വന്നുപോകുന്ന ആയുഷ് സിങ് സെപ്റ്റംബര്‍ മൂന്നിന് അവിടെനിന്ന് ഭക്ഷണം കഴിച്ചതാണ് പ്രശ്‌നമായത്. ആരോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കാന്റീന്റെ ചുമതലയുള്ള പ്രൊഫ. വിനോദ് കുമാര്‍ സിങ് സ്ഥലത്തെത്തി ബിരുദ വിദ്യാര്‍ഥിയെ കൈയോടെ പിടികൂടി. ആയുഷ് സിങ് അധ്യാപകനോട് മാപ്പു പറയുകയും വിശപ്പ് മൂലമാണ് ഭക്ഷണം കഴിച്ചതെന്ന് അറിയിക്കുകയും ചെയ്തു.

ഇനി നിയമം ലംഘിക്കില്ലെന്നും വിദ്യാര്‍ഥി പറഞ്ഞുവെങ്കിലും അധ്യാപകന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒരാഴ്ചയ്ക്കകം 20,000 രൂപ പിഴ അടയ്ക്കാത്തപക്ഷം അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നൂറ് രൂപയുടെ സ്റ്റാംപ് പേപ്പറില്‍ വിശദീകരണം നല്‍കണമെന്നും വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടു. ആയുഷ് സിങ് കാന്റീനില്‍ പതിവായി അനധികൃതമായെത്തി ഭക്ഷണം കഴിക്കാറുണ്ടെന്നാണ് അധ്യാപകന്‍ പറയുന്നത്. എന്നാല്‍ സംഭവം വിദ്യാര്‍ഥികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com