കനത്തമഴയിലും ചോരാത്ത ആവേശവുമായി ശരദ്പവാര്‍; അണികളെ അതിശയിപ്പിച്ച് പ്രസംഗം, ആര്‍പ്പുവിളി ( വീഡിയോ)

കനത്ത മഴയെ കൂസാതെ എന്‍സിപി നേതാവ് ശരദ് പവാര്‍ തെരഞ്ഞെടുപ്പ് പ്രസംഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍
കനത്തമഴയിലും ചോരാത്ത ആവേശവുമായി ശരദ്പവാര്‍; അണികളെ അതിശയിപ്പിച്ച് പ്രസംഗം, ആര്‍പ്പുവിളി ( വീഡിയോ)

മുംബൈ: കനത്ത മഴയെ കൂസാതെ എന്‍സിപി നേതാവ് ശരദ് പവാര്‍ തെരഞ്ഞെടുപ്പ് പ്രസംഗം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍. ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് കനത്തമഴ എത്തിയത്. എന്നാല്‍ മഴയെ കൂസാതെ പത്തുമിനിറ്റോളം സംസാരിച്ച ശരദ് പവാറിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. 

മഹാരാഷ്ട്രയിലെ സതാറയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശരദ് പവാര്‍ എത്തിയത്. ഉദയരാജ് ഭോസ് ലെ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. റാലിയില്‍ പ്രസംഗിക്കാന്‍ തുടങ്ങി ഏറെ സമയം കഴിയുന്നതിന് മുന്‍പാണ് കനത്ത മഴ എത്തിയത്. എന്നാല്‍ മഴയെ കൂസാതെ ശരദ് പവാര്‍ പ്രസംഗം തുടരുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടയുമായി എത്തിയെങ്കിലും ശരദ് പവാര്‍ അത് നിരാകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ആവേശത്തിലായ അണികള്‍ ശരദ് പവാറിന് ആര്‍പ്പുവിളികളുമായി പിന്തുണ നല്‍കി.ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ദേശീയതലത്തിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് 79കാരനായ ശരദ് പവാര്‍. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിത്യേന നാലു റാലികളെയാണ് ശരദ് പവാര്‍ അഭിസംബോധന ചെയ്തതത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com