'കേന്ദ്രമന്ത്രി ചോദ്യം ചെയ്തത് എന്റെ പ്രൊഫഷണലിസത്തെ' ; പീയുഷ് ഗോയലിനെതിരെ ആഞ്ഞടിച്ച് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി

പല സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പവും താന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ പലയിടത്തും ബിജെപി സര്‍ക്കാരാണ്
'കേന്ദ്രമന്ത്രി ചോദ്യം ചെയ്തത് എന്റെ പ്രൊഫഷണലിസത്തെ' ; പീയുഷ് ഗോയലിനെതിരെ ആഞ്ഞടിച്ച് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി രംഗത്ത്. കേന്ദ്രമന്ത്രി ചോദ്യം ചെയ്തത് തന്റെ പ്രൊഫഷണലിസത്തെയാണെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞു. എന്റെ ജോലിയില്‍ ഞാന്‍ പക്ഷപാതം കാണിക്കാറില്ലെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. 

ഇടതുപക്ഷ ചിന്താഗതിക്കാരനായ അഭിജിത് ബാനര്‍ജിയുടെ ന്യായ് പദ്ധതി ഇന്ത്യക്കാര്‍ തള്ളിയതാണെന്ന് പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് പകരം ബിജെപി എന്നോട് ഉപദേശം തേടിയിരുന്നെങ്കില്‍ അവരോടും ഞാന്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുമായിരുന്നു. അതെന്റെ പ്രൊഫഷനാണ്. ഒരു പ്രൊഫഷണലായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മറ്റുതരത്തില്‍ മുദ്രകുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പല സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പവും താന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ പലയിടത്തും ബിജെപി സര്‍ക്കാരാണ്. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തിലെ മലനീകരണ ബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച അനുഭവമായിരുന്നു അത്. ഞങ്ങളുടെ നിര്‍ദേശങ്ങളില്‍ പലതും സര്‍ക്കാരുകള്‍ നടപ്പാക്കിയതായും അഭിജിത് ബാനര്‍ജി പറഞ്ഞു. 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് ഗൗരവമായി കാണേണ്ടതാണ്. ഉപഭോഗം കുറയുകയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേയുടെ കണക്കുകള്‍ നോക്കിയാല്‍ മനസ്സിലാകുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലെ മുഖ്യ ആകര്‍ഷണമായിരുന്ന ന്യായ് പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അഭിജിത് ബാനര്‍ജി. ഭാര്യ എസ്താര്‍ ഡഫ്‌ലോക്കും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫസര്‍ മിഷേല്‍ ക്രെമര്‍ക്കും ഒപ്പമാണ് അഭിജിത് ബാനര്‍ജി സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com