മൂന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്തു, പത്ത് പാക് സൈനികരെ വധിച്ചു; ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച് കരസേന മേധാവി

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയ പാകിസ്ഥാന് ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കിയതായി കരസേന മേധാവി ബിപിന്‍ റാവത്ത്
മൂന്ന് ഭീകരക്യാമ്പുകള്‍ തകര്‍ത്തു, പത്ത് പാക് സൈനികരെ വധിച്ചു; ഇന്ത്യന്‍ തിരിച്ചടി സ്ഥിരീകരിച്ച് കരസേന മേധാവി

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയ പാകിസ്ഥാന് ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കിയതായി കരസേന മേധാവി ബിപിന്‍ റാവത്ത്. പാക് അധിനിവേശ കശ്മീരില്‍ സൈനിക നീക്കം നടത്തിയതായി ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചു. പാകിസ്ഥാനെതിരായ പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരക്യാമ്പുകള്‍ തകര്‍ക്കുകയും പത്തുവരെ പാകിസ്ഥാന്‍ സൈനികരെ വധിച്ചതായും ബിപിന്‍ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. സമാനമായി നിരവധി ഭീകരവാദികളെയും വധിച്ചതായും ബിപിന്‍ റാവത്ത് പറഞ്ഞു.

ജമ്മുകശ്മീരിലെ കുപ്‌വാരയിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാകിസ്ഥാന്റെ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു കശ്മീര്‍ നിവാസിയും കൊല്ലപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രത്യാക്രമണമാണ് നടത്തിയതെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു.

മൂന്നു ഭീകരക്യാമ്പുകള്‍ തകര്‍ക്കുകയും ആറു മുതല്‍ പത്തുവരെ പാകിസ്ഥാന്‍ സൈനികരെ വധിക്കുകയും ചെയ്തതായി ബിപിന്‍ റാവത്ത് പറഞ്ഞു. സമാനമായി ഭീകരവാദികളെയും വധിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് കുപ്‌വാരയിലെ താങ്ധര്‍ സെക്ടറിലൂടെ നുഴഞ്ഞുകയറാനുളള ഭീകരവാദികളുടെ ശ്രമത്തെ  ശക്തമായ ഭാഷയിലാണ് ഇന്ത്യ തിരിച്ചടിച്ചത്. ഭീകരക്യാമ്പുകള്‍ക്ക് കനത്തനാശമാണ് ഉണ്ടായതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ഇന്ത്യയുടെ പ്രത്യാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തു. ഇത് ഇന്ത്യന്‍ സൈന്യത്തിന് നേരിയ ക്ഷീണമുണ്ടാക്കി. എന്നാല്‍ ഇത് മുതലാക്കി ഭീകരവാദികളെ നുഴഞ്ഞുകയറ്റാനുളള ശ്രമത്തെ പാക് അധിനിവേശ കശ്മീരിലെ ഭീകരവാദി ക്യാമ്പുകള്‍ തകര്‍ത്ത് ശക്തമായ മറുപടി നല്‍കിയതായി ബിപിന്‍ റാവത്ത് പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ബിപിന്‍ റാവത്ത് ആരോപിച്ചു. തുടര്‍ച്ചയായി നുഴഞ്ഞുക്കയറ്റം നടത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഭീകരവാദികളുടെയും ഇന്ത്യയ്ക്ക്്് അകത്തും പുറത്തുമുളള ചില ഏജന്‍സികളുടെയും പിന്തുണയോടെ സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ബിപിന്‍ റാവത്ത് ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com