വിദേശപ്രതിനിധികളെ കശ്മീരിലേക്ക് ക്ഷണിച്ച മാഡി ശര്‍മ്മ ആര് ?; ഇവര്‍ക്ക് ബിജെപിയുമായുള്ള ബന്ധം എന്ത് ? ; വിവാദം

മാഡി ശര്‍മ വിദേശ പ്രതിനിധികളെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് അയച്ച ഇ മെയില്‍ പുറത്തുവന്നു
വിദേശപ്രതിനിധികളെ കശ്മീരിലേക്ക് ക്ഷണിച്ച മാഡി ശര്‍മ്മ ആര് ?; ഇവര്‍ക്ക് ബിജെപിയുമായുള്ള ബന്ധം എന്ത് ? ; വിവാദം

ന്യൂഡല്‍ഹി : കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ ക്ഷണിച്ച ബിസിനസ് ഇടനിലക്കാരി മാഡി ശര്‍മ്മയുടെ നടപടി വിവാദത്തില്‍. രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാഡി ശര്‍മ വിദേശ പ്രതിനിധികളെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് അയച്ച ഇ മെയില്‍ പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം വിഐപികളുമായി കൂടിക്കാഴ്ച നടത്താനും കശ്മീര്‍ സന്ദര്‍ശിക്കാനും അവസരം ഒരുക്കാമെന്നാണ് മാഡി ശര്‍മയുടെ വാഗ്ദാനം. വിദേശപ്രതിനിധികളെ കശ്മീരിലേക്ക് ക്ഷണിച്ച മാഡി ശര്‍മയും ബിജെപിയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കാന്‍ മാഡി ശര്‍മയ്ക്ക് എങ്ങനെ അനുമതി ലഭിച്ചു എന്ന ചര്‍ച്ചയാണ് ദേശീയ രാഷ്ട്രീയത്തില്‍ സജീവമായത്. പ്രത്യേക പദവി റദ്ദാക്കിയശേഷം ജമ്മു കശ്മീരില്‍  എന്തുനടക്കുന്നുവെന്ന് നേരില്‍ കണ്ട് മനസിലാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് പോലും അനുമതി ലഭിച്ചിട്ടില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വിദേശ പ്രതിനിധികള്‍ വ്യക്തിപരമായിട്ടാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഇതിനിടെയാണ് രാജ്യാന്തര ബിസിനസ് ഇടനിലക്കാരിയായ മാഡി ശര്‍മ്മയാണ് സന്ദര്‍ശന പരിപാടിയുടെ സംഘാടകയെന്ന വിവരം പുറത്തുവന്നത്.

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ടുള്ള മാഡി ശര്‍മ്മയുടെ ഇ മെയിലില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം ഒരുക്കാമെന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ ഇത്തരം ക്ഷണം നടത്താന്‍ മാഡി ശര്‍മ്മയെ ചുമതലപ്പെടുത്തിയത് ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മാഡി ശര്‍മയും ഒപ്പമുണ്ടായിരുന്നു.

ഇന്ത്യയിലെത്തിയ വിദേശപ്രതിനിധികള്‍ മോദിയെ കൂടാതെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ശ്രീനഗറില്‍ വെച്ച് പ്രതിനിധി സംഘം 15 കോര്‍പ്‌സ് കമാന്‍ഡറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മാഡി ശര്‍മ്മയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സോഷ്യല്‍ കാപിറ്റലിസ്റ്റ്, ഇന്റര്‍നാഷണല്‍ ബിസിനസ് ബ്രോക്കര്‍, വിദ്യാഭ്യാസ സംരംഭക, പ്രാസംഗിക എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com