പത്തുമിനിറ്റിനകം രേഖകള്‍ എത്തിക്കാമെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ല; ഓട്ടോ ഡ്രൈവര്‍ക്ക് 32,000 രൂപ പിഴയിട്ടു

ചുവന്ന ട്രാഫിക് ലൈറ്റ് തെറ്റിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക് പൊലീസ് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തുകയായിരുന്നു
പത്തുമിനിറ്റിനകം രേഖകള്‍ എത്തിക്കാമെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ല; ഓട്ടോ ഡ്രൈവര്‍ക്ക് 32,000 രൂപ പിഴയിട്ടു

ന്യൂഡല്‍ഹി: പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നില്‍വില്‍ വന്ന് ദിവസങ്ങള്‍ക്കകം, നിയമലംഘനങ്ങള്‍ക്ക് കടുത്ത പിഴ ഈടാക്കുന്ന വാര്‍ത്തകളാണ് വിവിധയിടങ്ങളില്‍ നിന്ന് പുറത്തുവരുന്നത്.കഴിഞ്ഞദിവസം ഹെല്‍മെറ്റില്ലാത്തതിന്റെ പേരില്‍ 23,000 രൂപ പിഴ ഈടാക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ നിയമലംഘനത്തിന് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 32000 രൂപ പിഴ ചുമത്തിയ വാര്‍ത്തയാണ് ഇതില്‍ ഒടുവിലത്തേത്.

ഗുരുഗ്രാം ട്രാഫിക് പൊലീസാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പിഴ ചുമത്തിയത്. ചുവന്ന ട്രാഫിക് ലൈറ്റ് തെറ്റിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക് പൊലീസ് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാഹനം ഓടിക്കുന്നതിന് ആവശ്യമായ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ രേഖകള്‍ വീട്ടില്‍ മറന്നുവെച്ചിരിക്കുകയാണെന്നും പത്തുമിനിറ്റിനകം രേഖകളുമായി തിരിച്ചുവരാമെന്നും ഡ്രൈവര്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ഡ്രൈവറുടെ അഭ്യര്‍ത്ഥന പൊലീസ് ഉദ്യോഗസ്ഥന്‍ ഗൗനിച്ചില്ലെന്നും 32,500 രൂപ പിഴയായി ചുമത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പശ്ചിമബംഗാള്‍ സ്വദേശിയായ ഡ്രൈവര്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഗുരുഗ്രാമില്‍ താമസിച്ചുവരികയാണ്. മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ച കാര്യം താന്‍ അറിഞ്ഞില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ലൈസന്‍സില്ലാതെ വാഹനം ഓടിച്ചു, ആര്‍സി ബുക്കില്ല, അപകടകരമായ വാഹനമോടിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇത്രയും ഭീമമായ തുക പിഴയായി ചുമത്തിയത്. സമാനമായ നിയമലംഘനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് മുന്‍പായിരുന്നുവെങ്കില്‍ 4700 മുതല്‍ 6700 രൂപ വരെയാണ് പിഴയായി ഈടാക്കുമായിരുന്നുളളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com