ചന്ദ്രയാന്‍ രണ്ട് 95 ശതമാനം വിജയം; ഓര്‍ബിറ്ററിന് ആറുവര്‍ഷം കൂടി അധികം ആയുസ്: ഐഎസ്ആര്‍ഒ

ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐഎസ്ആര്‍ഒ
ചന്ദ്രയാന്‍ രണ്ട് 95 ശതമാനം വിജയം; ഓര്‍ബിറ്ററിന് ആറുവര്‍ഷം കൂടി അധികം ആയുസ്: ഐഎസ്ആര്‍ഒ

ബംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യം  90 മുതല്‍ 95 ശതമാനം വരെ വിജയമെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്ററിന് ആറുവര്‍ഷം കൂടി അധികം ആയുസുണ്ടാകും. നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ വര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്ന് അര്‍ത്ഥം. ഏഴുവര്‍ഷം ഓര്‍ബിറ്റര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ചന്ദ്രോപരിതലത്തില്‍ തൊടുന്ന ചരിത്രനിമിഷത്തിന് രണ്ട് കിലോമീറ്റര്‍ അകലെ വച്ചാണ് വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയത്. ലാന്‍ഡറില്‍ നിന്നുമുള്ള സിഗ്നലുകള്‍ നഷ്ടമാകുകയായിരുന്നു. ചന്ദ്രനെകുറിച്ചുള്ള കൂടുതല്‍ പഠനത്തിന് ഓര്‍ബിറ്റര്‍ സഹായകമാകും. ദൗത്യം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറക്കുന്നതിനു തൊട്ടുമുന്‍പ് 2.1 കിലോമീറ്റര്‍ മുകളില്‍വെച്ചാണ് സിഗ്‌നലുകള്‍ നഷ്ടമായത്. ശനിയാഴ്ച പുലര്‍ച്ചെ രാജ്യം മുഴുവന്‍ ശുഭവാര്‍ത്തയ്ക്കായി കാതോര്‍ത്ത് മിഴിയടയ്ക്കാതെയിരിക്കുമ്പോഴാണ് നിരാശ സമ്മാനിച്ച് വിക്രം ലാന്‍ഡര്‍ ലക്ഷ്യം കാണാതെ പോയത്.

ഏറെ തയ്യാറെടുപ്പുകള്‍ക്കുശേഷം പുലര്‍ച്ചെ 1.38നു തന്നെ  വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്കുള്ള പ്രയാണമാരംഭിച്ചു. ഇസ്‌റോ കേന്ദ്രത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി, ശാസ്ത്രജ്ഞര്‍, ക്ഷണിക്കപ്പെട്ട് എത്തിയവര്‍ തുടങ്ങി എല്ലാവരും ആകാംക്ഷയോടെ വിജയനിമിഷത്തിനായി കാത്തിരുന്നു. ലാന്‍ഡറിന്റെ വേഗംകുറച്ച് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ് നടത്താനുള്ള ആദ്യ ഘട്ടം വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ഓരോ ഘട്ടത്തിലുമുള്ള ശാസ്ത്രജ്ഞരുടെ അനൗണ്‍സ്‌മെന്റുകള്‍ കേന്ദ്രത്തിലുള്ളവര്‍ കൈയടികളോടെയാണു സ്വീകരിച്ചത്. കണ്‍ട്രോള്‍ റൂമിലുള്ള പ്രധാനമന്ത്രിക്ക് ശാസ്ത്രജ്ഞര്‍ മാറിമാറി ഓരോ ഘട്ടവും വിശദീകരിച്ചുകൊടുത്തു.

അവസാന നിമിഷത്തിനു തൊട്ടുമുന്‍പ് ലാന്‍ഡറിന്റെ നിശ്ചിത പാതയില്‍നിന്നുള്ള വ്യതിചലനം വന്നതോടെ ശാസ്ത്രജ്ഞരുടെ മുഖത്താകെ നിരാശ പടരുകയായിരുന്നു. പലരും കംപ്യൂട്ടറുകള്‍ക്കു മുന്നില്‍ തലകുമ്പിട്ടിരുന്നു. അപ്പോള്‍ത്തന്നെ, ദൗത്യം വിജയകരമായില്ലെന്ന തോന്നല്‍ എല്ലാവരിലും പടര്‍ന്നു. ഏവര്‍ക്കും നിരാശ സമ്മാനിച്ച് വൈകാതെ ഐഎസ്ആര്‍ഒ ചെയര്‍മാന്റെ വിശദീകരണമെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com